സോഷ്യല്‍ മീഡിയ പേരുചൊല്ലി വിളിച്ചു, ഇതാ ‘അറബിക്കടലിന്റെ റാണി’

November 20, 2018

തലവാചകം വായിച്ച് നെറ്റി ചുളിക്കേണ്ട സംഗതി സത്യമാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് നേടിയ ആദ്യ വനിത ഇവിടെയുണ്ട്. ഇങ്ങ് കേരളത്തില്‍. ചാവക്കാട് സ്വദേശിനിയായ രേഖയെ ഇന്ന് സാമൂഹ്യമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് അറബിക്കടലിന്റെ റാണി എന്നാണ്. ഈ വര്‍ണ്ണന തന്നെയാണ് രേഖയുടെ ജീവിതത്തിന് ഏറ്റവും ഉചിതം.

ജീവിത പ്രാരാപ്തങ്ങളില്‍ വലയുമ്പോള്‍ അതിജീവനത്തിന് മുതിരാതെ ജീവിതത്തില്‍ നിന്നു തന്നെ ഒളിച്ചോടാറുണ്ട് പല സ്ത്രീകളും. ഇത്തരക്കാര്‍ക്ക് മുമ്പില്‍ വലിയ പ്രചോദനമായി മാറുകയാണ് രേഖയുടെ ജീവിതം. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന നിരവധി സ്ത്രീജനങ്ങളുണ്ടെങ്കിലും ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് ലൈസന്‍സ് നേടുന്നതില്‍ സ്ത്രീ സാന്നിധ്യം ഇടം പിടിച്ചിരുന്നില്ല. എന്നാല്‍ ഈ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് രേഖ. സംസ്ഥാനത്തെ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ആഴക്കടല്‍ മത്സ്യ ബന്ധനത്തിനുള്ള ലൈസന്‍സ് നേടുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടം ഇനി രേഖയ്ക്ക് സ്വന്തം.

ഇന്ത്യയില്‍ തന്നെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് നേടുന്ന ആദ്യ വനിതയാണ് രേഖ. പെണ്‍കരുത്തിന്റെ ഉത്തമ ഉദാഹരണം. മത്സ്യബന്ധന തൊഴിലാളിയായ ഭര്‍ത്താവ് പി കാര്‍ത്തികേയനൊപ്പം വള്ളത്തിലുണ്ടായിരുന്ന രണ്ട് പേര്‍ ജോലി നിര്‍ത്തി പോയപ്പോള്‍ മുതലാണ് രേഖ കരുത്തോടെ കടലിലിറങ്ങാന്‍ തുടങ്ങിയത്. നേരുള്ളവരെ കടലമ്മ ചതിക്കില്ലെന്ന വിശ്വാസത്തോടെ ജീവിത പ്രാരാപ്തങ്ങളോട് പോരാടാന്‍ തുടങ്ങി. രേഖയുടെ ജീവിതം ഇന്ന് ഉണരാന്‍ മടിക്കുന്ന പലര്‍ക്കും ഒരു ഉയിര്‍പ്പുഗീതമാണ്…. അതിന്റെ അലയൊലികള്‍ തിരമാലകള്‍ പോലെ ഓരോ പെണ്‍മനസുകളിലും ആര്‍ത്തിരിമ്പട്ടെ.