‘പണത്തിലും പവറിലുമൊന്നും ഒരു കാര്യവുമില്ല’; തരംഗമായി ‘ഇളയരാജ’യുടെ മോഷന്‍ പോസ്റ്റര്‍

മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഇളയരാജ. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗിന്നസ് പക്രു തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ച മോഷന്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മനോഹരമായ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

വനജന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ‘എന്തിനാടാ അങ്ങോട്ട് നോക്കി സ്വപ്‌നം കണുന്നേ’ എന്ന ഡയലോഗോടുകൂടിയാണ് മോഷന്‍ പോസ്റ്ററിന്റെ ആരംഭം. തുടര്‍ന്ന് ഓരോ കഥാപാത്രങ്ങളുടെയും ഡയലോഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളുടെയെല്ലാം കാരക്ടറും മോഷന്‍ പോസ്റ്ററില്‍ ദൃശ്യമാണ്. ഗോഗുല്‍ സുരേഷ്, ദീപക്, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പണത്തിലും പവറിലുമൊന്നും ഒരു കാര്യവുമില്ല എന്ന പഞ്ച് ഡയലോഗോടുകൂടിയാണ് മോഷന്‍ പോസ്റ്റര്‍ അവസാനിക്കുന്നത്.

മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസന്‍.

അതേ സമയം മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു ചലച്ചിത്ര നിര്‍മ്മാണ രംഗത്തേയ്ക്ക് ചുവടുവെച്ചിരിക്കുകയാണ്. ‘സര്‍വ്വദീപ്ത പ്രൊഡക്ക്ഷന്‍സ്’ എന്നാണ് ഗിന്നസ് പക്രുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയുടെ പേര്. നടന്‍, സംവിധായകന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് ഗിന്നസ് പക്രു. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.