‘ഇനി കമ്പ്യൂട്ടർ പഠിക്കണം’; കാർത്യായനി അമ്മയ്ക്ക് പുതിയ സമ്മാനവുമായി വിദ്യാഭ്യാസ മന്ത്രി

96 ആം വയസ്സിലും ചെറുപ്പത്തിന്റെ പ്രസരിപ്പുമായെത്തി സാക്ഷരതാ മിഷന്റെ അരലക്ഷം പരീക്ഷയിൽ 100 ൽ 98 മാർക്കും നേടി സംസ്ഥാനത്ത് ഒന്നാമതെത്തിയ കാർത്യായനി അമ്മയുടെ വാർത്ത കേരളക്കര ഒന്നാകെ ഏറ്റെടുത്തിരുന്നു. പ്രായവും പരിധിയുമില്ലാത്ത അനന്തമായി നീണ്ടു കിടക്കുന്ന അറിവ് നേടാൻ വെമ്പൽ കൊള്ളുന്ന ഈ അമ്മയെക്കണ്ട് അഭിനന്ദനം അറിയിക്കാൻ നിരവധി ആളുകൾ കഴിഞ്ഞ ദിവസങ്ങളിൽ ഇവരുടെ വീട്ടിൽ എത്തിയിരുന്നു.

കേരളത്തിന് അഭിമാനമായി മാറിയ ഈ അമ്മ സാക്ഷരതാ മിഷന്റെ പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയതിന് ശേഷം പത്താം ക്ലാസ് പരീക്ഷ എഴുതണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഫ്രീ സമയങ്ങളിൽ കമ്പ്യൂട്ടർ ചെയ്ത് പഠിക്കാനും തനിക്ക് വല്യ ആഗ്രഹമാണെന്നും കാർത്യായനി ‘അമ്മ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

അമ്മയുടെ ഈ ആഗ്രഹം അറിഞ്ഞ് അമ്മയ്ക്ക് പഠിക്കാൻ കമ്പ്യൂട്ടറുമായി എത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്‌.

കാർത്യായനി അമ്മയെക്കാണാൻ എത്തിയ മന്ത്രി അമ്മയ്ക്കരികിൽ ഇരുന്ന് ചോദിച്ചു.. ”കമ്പ്യൂട്ടർ  പേടിക്കണോ?” ”ആരെങ്കിലും വാങ്ങിതന്നാൽ പഠിക്കും” ഉടൻ വന്നു ഉത്തരം.. ”എങ്കിൽ തരട്ടെ ?”. പിന്നിൽ നിന്നിരുന്ന ഉദ്യോഗസ്ഥൻ ലാപ്ടോപ്പുമായി മന്ത്രിക്കരികിൽ എത്തി. മന്ത്രി ലാപ്ടോപ്പ് വാങ്ങിച്ച് കാർത്യായനി അമ്മയ്ക്ക് സമാനിച്ചു. കാർത്യായനി അമ്മയുടെ കൈപിടിച്ച് മന്ത്രി കീ ബോർഡിലൂടെ വിരലുകൾ ഓടിച്ചു. കാർത്യായനി എന്ന ഇംഗ്ലീഷിൽ എഴുതി.. ഇതോടെ ആൾ ഉഷാറായി ..ഇനി കമ്പ്യൂട്ടറും ഇംഗ്ലീഷും പഠിക്കാനുള്ള ഒരുക്കത്തിലാണ് ഈ അമ്മയിപ്പോൾ.

കഴിഞ്ഞ ആഗസ്റ്റിലാണ് ആദ്യമായി കാർത്യായനി ‘അമ്മ പരീക്ഷ എഴുതുന്നത്. പരീക്ഷ എന്തെന്നറിയാതെ എല്ലാവർക്കുമൊപ്പം പരീക്ഷ ഹാളിൽ കയറിയ കാർത്യായനി അമ്മയ്ക്ക് ആദ്യം കുറച്ചൊരു അമ്പരപ്പ് ഉണ്ടായെങ്കിലും എഴുതി തുടങ്ങിയപ്പോൾ ആൾ ഉഷാറായി. സാക്ഷരതാ മിഷന്റെ അക്ഷര ലക്ഷം പരീക്ഷയാണ് പരീക്ഷ എന്തെന്നറിയാതെ കാർത്യായനി ‘അമ്മ എഴുതിത്തുടങ്ങിയത്. കാർത്യായനിയമ്മ പരീക്ഷ എഴുതുന്ന ചിത്രങ്ങളടക്കം നേരത്തെ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

കാർത്യായനി ‘അമ്മ സ്കൂളിൽ പോയിട്ടില്ല, തന്റെ ഇളയ മകൾ അമ്മണിയമ്മ രണ്ട് വർഷം മുമ്പാണ് പത്താം ക്ലാസ് പരീക്ഷ പാസായത്. അന്ന് തുടങ്ങിയതാണ് പഠിക്കണെമെന്നും പരീക്ഷ എഴുതണമെന്നുമുള്ള കാർത്യായനി അമ്മയുടെ ആഗ്രഹം. സംസ്ഥാനത്ത് ആകെ നാല്പതിനായിരത്തോളം പേരാണ് ഈ പരീക്ഷ എഴുതിയത്. അതിൽ ഏറ്റവും പ്രായം കൂടുതലുള്ള ആളാണ് കാർത്യായനി അമ്മ. 100 മാർക്കിന്റെ പരീക്ഷയിൽ ആദ്യത്തെ ഭാഗം 30 മാർക്കിന്റെയാണ്, രണ്ടാമത്തെ ഭാഗം എഴുത്തു പരീക്ഷയാണ്. ആദ്യ ഭാഗത്തെ പരീക്ഷ കഴിഞ്ഞപ്പോൾ 30 ൽ 30 മാർക്കും കാർത്യായനി ‘അമ്മ കരസ്ഥമാക്കി.

പിന്നീട് റിസൾട്ട് വന്നപ്പോൾ 100 ൽ 98 മാർക്കാണ് കാർത്യായനിയമ്മ കരസ്ഥമാക്കിയത്.  മുഖ്യമന്ത്രിയടക്കം നിരവധി  പ്രമുഖർ പ്രായത്തെ വെല്ലുന്ന പ്രകടനവുമായെത്തിയ ഈ അമ്മയ്ക്ക് അഭിനന്ദന പ്രവാഹവുമായി എത്തിയിരുന്നു.

കഴിഞ്ഞ ദിവസം കാർത്യായനി അമ്മയ്ക്ക് ദീപാവലി സമ്മാനവുമായി നടി മഞ്ജു വാര്യരും ഈ അമ്മയെത്തേടി എത്തിയിരുന്നു.