“കളിയാക്കപ്പെട്ടവരിൽ പലരും ലോകത്തെ മാറ്റിമറിച്ചവരാണ് നിധി മോളെ..”; മൂന്നാം ക്ലാസുകാരിയുടെ വൈറൽ കഥ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

September 20, 2022

കഴിഞ്ഞ ദിവസങ്ങളിലാണ് ഒരു മൂന്നാം ക്ലാസ്സുകാരി എഴുതിയ കഥ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയത്. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ മറ്റൊരു കുട്ടിയുടെ വാക്കുകളില്‍ വേദനിക്കാതെ താന്‍ ഒരു മിടുക്കിക്കുട്ടിയാണെന്ന് പ്രഖ്യാപിക്കുന്ന നിധിയെന്ന മൂന്നാം ക്ലാസുകാരിയുടെ കഥയാണ് ശ്രദ്ധ നേടിയത്. കുട്ടിത്തം നിറഞ്ഞ കൈയക്ഷരത്തോടെ നിധി എഴുതിയ കഥ അമ്മ അനുശ്രീയാണ് ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുഞ്ഞുകഥയ്ക്ക് വളരെ മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

ഇപ്പോൾ ഈ കഥ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യസ മന്ത്രി വി.ശിവൻകുട്ടി. മിടുക്കി എന്നാണ് നിധിയെ മന്ത്രി വിളിച്ചത്. നിധിയുടെ ചിത്രവും എഴുതിയ കത്തും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ‘ഒന്നിനും കൊള്ളില്ലെന്ന് കളിയാക്കപ്പെട്ടവരില്‍ പലരും ഈ ലോകത്തെ മാറ്റിമറിച്ചവരാണ് നിധി മോളേ’ എന്നും മന്ത്രി കുറിച്ചു. നിധിയുടെ കത്ത് ഏറ്റെടുത്തത് പോലെ ഈ കുറിപ്പും ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Read More: “ഒന്നിനും കൊള്ളില്ലാന്ന് പറഞ്ഞു, പക്ഷെ ഞാൻ മിടുക്കിക്കുട്ടിയാണ്…”; സോഷ്യൽ മീഡിയയുടെ മനസ്സ് കവർന്ന ഒരു മൂന്നാം ക്ലാസുകാരി എഴുതിയ കഥ

നിഷ്‌കളങ്കമായ മനസ്സുള്ളവരാണ് കുട്ടികൾ. പലപ്പോഴും നിഷ്‌കളങ്കമായി അവർ ചെയ്യുകയും പറയുകയും ചെയ്യുന്ന കാര്യങ്ങളൊക്കെ ശ്രദ്ധേയമായി മാറാറുണ്ട്. പലപ്പോഴും കൊച്ചു കുട്ടികളുടെ ഇത്തരം കാര്യങ്ങൾ നവ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങൾ നിധിയുടെ കഥ ഏറ്റെടുത്തത്. അമ്മ ജോലി സ്ഥലത്തുനിന്നെത്താന്‍ കാത്തിരുന്ന ഇടവേളയിലാണ് നിധി അന്ന് സ്‌കൂളില്‍ നടന്ന ആ സംഭവം കഥയാക്കി മാറ്റിയത്. എന്നാപ്പിന്നെ ഒരു കഥ വായിക്കാമെന്ന ക്യാപ്ഷനോടെ നിധിയുടെ അമ്മ അനുശ്രീ പോസ്റ്റ് ചെയ്ത കഥയ്ക്ക് ഫേസ്ബുക്കില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

Story Highlights: Minister V.sivankutty shares 3rd standard girl viral story