‘കാട്രിന്‍ മൊഴി’ തിയേറ്ററുകളിലെത്തുമ്പോൾ പുതിയ വിശേഷങ്ങളുമായി ജ്യോതിക

ജ്യോതിക നായികയായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘കാട്രിന്‍ മൊഴി’ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം നാളെ തിയേറ്ററുകൾ കീഴടക്കാനെത്തും. ‘തുമാരി സുലു’ എന്ന ബോളിവുഡ് ചിത്രത്തിന്റെ ത്മിഴ് പതിപ്പാണ് ‘കാട്രിന്‍ മൊഴി’. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘തുമാരി സുലു’. വിദ്യാ ബാലനാണ് ‘തുമാരി സുലു’വിലെ കേന്ദ്ര കഥാപാത്രത്തെ ആവതരിപ്പിച്ചത്.

റേഡിയോ ജോക്കിയാകാൻ ശ്രമിക്കുന്ന ഒരു  വീട്ടമ്മയുടെ കഥ പറയുന്ന ചിത്രമാണ് കാട്രിൻ മൊഴി. ചിത്രത്തിൽ വിജയലക്ഷ്മി എന്ന വീട്ടമ്മയായാണ്  ജ്യോതിക വേഷമിടുന്നത്. ജ്യോതികയുടെ തമാശകളാണ് ചിത്രത്തിലെ പ്രധാന ആകർഷണമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്. ജ്യോതികയുടെ സൂപ്പർ ഹിറ്റ് ചിത്രം മൊഴി ഒരുക്കിയ രാധാ മോഹനനാണ് പുതിയ ചിത്രവും ഒരുക്കുന്നത്. 2007 ല്‍ പുറത്തിറങ്ങിയ ‘മൊഴി’ എന്ന ചിത്രത്തിനു ശേഷം രാധാ മോഹന്‍ ജ്യോതിക കൂട്ടുകെട്ടില്‍ പിറവിയെടുക്കുന്ന ചിത്രമാണ് കാട്രിൻ മൊഴി.

ചിത്രത്തിൽ അതിഥി വേഷത്തിൽ ചിമ്പു എത്തുന്നതിനൊപ്പം ലക്ഷ്മി മഞ്ജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിദാർഥാണ് ചിത്രത്തിൽ ജ്യോതികയുടെ ഭർത്താവായി എത്തുന്നത്. ഭാസ്‌ക്കർ ‘കുമരവേൽ, മനോബാല, മോഹൻ റാം, ഉമാ പത്മനാഭൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

അതേസമയം പുതിയ ചിത്രം റിലീസ് ആവുന്നതിനൊപ്പം മറ്റൊരു ചിത്രത്തിന്റെ വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്. പ്രശസ്ത സംവിധായകൻ  എസ് രാജയാണ് ജ്യോതികയുടെ പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ഒരു സ്കൂള്‍ കേന്ദ്രീകരിച്ചാണ് പുതിയ ചിത്രത്തിന്റെ കഥ. ചിത്രത്തിനായി നഗരത്തില്‍ തന്നെ 50 ലക്ഷത്തോളം ചെലവിട്ട് സ്‍കൂളിന്റെ സെറ്റ് ഒരുക്കാനാണ് പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്. ജ്യോതികയ്‍ക്കൊപ്പം പൂര്‍ണ്ണിമ, സത്യൻ, കവിത ഭാരതി എന്നിവരും ചിത്രത്തില്‍ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.