പുതിയ ലുക്കിൽ ടൊവിനോ; ‘മാരി’യെ വിറപ്പിക്കാൻ എത്തുന്ന ബീജത്തിന്റെ പോസ്റ്റർ കാണാം

മലയാളത്തിലെയും തമിഴിലെയും പ്രിയ നായകന്മാർ അണിനിരക്കുന്ന ചിത്രമാണ് മാരി 2 . പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന  ധനുഷ് ടൊവിനോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിലെ ടൊവിനോയുടെ പുതിയ പോസ്റ്ററുകളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ വില്ലനായാണ് ടൊവിനോ വേഷമിടുന്നത്. ബീജ എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ ചിത്രത്തിലെ പേര്. ധനുഷ് തന്റെ ട്വിറ്റർ പേജിലൂടെയാണ് ടൊവിനോയുടെ പുതിയ ലുക്ക് പുറത്തുവിട്ടത്.


ചിത്രത്തിൽ നായികയായി എത്തുന്നത് സായി പല്ലവിയാണ്. സായി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക്. ട്വിറ്ററിലൂടെ ധനുഷാണ് സായി പല്ലവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും  ആരാധകര്‍ക്കായി പങ്കുവെച്ചത്.


ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.

മാരി 2′ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും. ചിത്രത്തില്‍ ധനുഷിന്റെ വില്ലനാണ് ടൊവിനോ. 2015 ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ മാരി എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധാനം. മാരി 2 ന്റെ തിരക്കഥയും ബാലാജി മോഹന്‍ തന്നെയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ധനുഷിനായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം യുവാന്‍ ശങ്കര്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.