പാൽക്കാരൻ പയ്യൻ തിയേറ്ററുകളിലേക്ക്; വാനോളം പ്രതീക്ഷയുമായി ആരാധകർ…

മലയാളികളുടെ പ്രിയ താരം ടോവിനോ തോമസിനെ നായകനാക്കി മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. പാൽക്കാരൻ പയ്യനായി ടൊവിനോ വേഷമിടുന്ന ചിത്രം നാളെ തിയേറ്ററുകളിൽ എത്തും. ഒഴിമുറിയ്ക്ക് ശേഷം മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ടോവിനോ തോമസ് എത്തുന്നത് ഏറെ ആഘോഷത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ജീവൻ ജോബ് തോമസ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അജയൻ എന്ന പാൽക്കാരൻ പയ്യനായാണ് ടോവിനോ എത്തുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായ നിമിഷ സജയനാണ് ചിത്രത്തിൽ  നായികയായി വേഷമിടുന്നത്.  വക്കീല്‍ കഥാപാത്രങ്ങളായി നെടുമുടി വേണുവും നിമിഷ സജയനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ഡോക്‌ടർ രേണുക സുബ്രഹ്മണ്യമായി ശ്വേതാ മേനോനും വേഷമിടുന്നുണ്ട്.

നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ച ചിത്രത്തിൻറെ ട്രെയിലറിനും ടീസറിനുമൊക്കെ  മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരുപാട് സസ്‍പെൻസുകൾ ബാക്കി വെച്ച ട്രെയ്‌ലർ പുയത്തിറങ്ങിയതോടെ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍. വി സിനിമാസിന്റെ ബാനറിൽ ചിത്രീകരിച്ചിരിക്കുന്ന  ചിത്രത്തിൽന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നൗഷാദ് ഷെരീഫ് ആണ്. ചിത്രം നാളെ തിയേറ്ററിൽ എത്തുമ്പോൾ വാനോളം പ്രതീക്ഷയുമായാണ് ആരാധകർ കാത്തിരിക്കുന്നത്.