‘ബാഹുബലിക്ക്’ ശേഷം രാജമൗലി വീണ്ടും; പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

‘ബാഹുബലി’ക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഈ കാത്തിരിപ്പിന് ഇപ്പോൾ വിരാമമായിരിക്കുകയാണ്. എന്തായാലും ബാഹുബലിക്ക് ശേഷം എസ് എസ് രാജമൌലി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.

പ്രഭാസ്, റാണ ദഗ്ഗുബതി, ചിരഞ്ജീവി, സംവിധായകൻ കെ രാഘവേന്ദ്ര റാവു, കൊരടാല ശിവ, വംശി തുടങ്ങി ഒട്ടേറെ പേര്‍ പുതിയ ചിത്രത്തിന്റെ പൂജയ്ക്കെത്തി. കെ രാഘവേന്ദ്ര റാവു തിരക്കഥ കൈമാറുകയും ഫസ്റ്റ് ഷോട്ട് ഷൂട്ട് ചെയ്യുകയും ചെയ്തതോടെ പുതിയ ചിത്രത്തിൽ എന്ത് വിസ്‌മയമാവും രാജമൗലി തീർക്കുക എന്ന ആകാംക്ഷയിലാണ് ആരാധകർ.

ജൂനിയര്‍ എൻടിആറും രാംചരണുമാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സഹോദരങ്ങളായിട്ടാണ് അഭിനയിക്കുക ഇരുവരും ചിത്രത്തിൽ എത്തുന്നത്. 300 കോടി മുതൽ മുടക്കിലാണ് പുതിയ ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിലെ നായികയായി സാമന്ത സ്‌ക്രീനിലെത്തും.രാജമൗലിയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കായി തൂലിക ചലിപ്പിച്ച അദ്ദേഹത്തിന്റെ പിതാവ് വിജയേന്ദ്ര പ്രസാദാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്.തെലുങ്കിൽ ഒരുക്കുന്ന ചിത്രം മലയാളമടക്കമുള്ള നിരവധി തെന്നിന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. 2020ല്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.