ഇതാണ് നമ്മുടെ ഹമീദ്; ‘എന്റെ ഉമ്മാന്റെ പേരി’ന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍

തികച്ചും വിത്യസ്തമായ ലുക്കില്‍ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ചിത്രത്തിന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇതാണ് നമ്മുടെ ഹമീദ്… ആള് ഭയങ്കര നിഷ്‌കളങ്കനൊക്കെയാണെങ്കിലും അത്ര പാവമൊന്നും അല്ലാട്ടോ… കൊറേ നിഷ്‌കളങ്കത + കൊറേ സ്‌നേഹം + സ്വല്പം കുരുട്ടുബുദ്ധി = ഹമീദ്. ദേ, ഇതാണ് ഫോര്‍മുല എന്ന കുറിപ്പും ഒപ്പം ചേര്‍ത്താണ് പുതിയ കാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ റിലീസിങ് തീയതി കഴിഞ്ഞ ദിവസം ടൊവിനോ പങ്കുവെച്ചിരുന്നു. സിനിമയുടെ ഡബ്ബിങ് വേളയിലെ ഒരു ചിത്രത്തിനൊപ്പമാണ് റിലീസിങ് തീയതി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രം ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും.

തികച്ചും വിത്യസ്ത ലുക്കിലാണ് ടൊവിനോ ‘എന്റെ ഉമ്മാന്റെ പേര്’ എന്ന പുതിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നേരത്തെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലൂം ഏറെ വിത്യസ്തമായ രൂപത്തിലായിരുന്നു ടൊവിനോ പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രതികരണവും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിച്ചിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.