ഐ എഫ് എഫ് കെ; ഇനി ക്യൂ നിൽക്കേണ്ടതില്ല..

December 4, 2018

ചലച്ചിത്രമേളയുടെ റിസർവേഷൻ കഴിഞ്ഞുള്ള ടിക്കറ്റുകൾക്കായി ഇനി മുതൽ ക്യൂ നിൽക്കേണ്ടതില്ല. റിസർവേഷൻ കഴിഞ്ഞതിന് ശേഷമുള്ള ടിക്കറ്റുകൾ അതാതു തിയേറ്ററുകളുടെ കൗണ്ടറുകളിൽ രണ്ട് മണിക്കൂർ മുൻപായി വിതരണം ആരംഭിക്കും.

തിയേറ്ററുകളിൽ ഒഴിവുള്ള സീറ്റുകൾക്കായി ഇത്തരത്തിൽ കൂപ്പൺ വിതരണം ചെയ്യുന്നതോടെ തിയേറ്ററിന് മുന്നിലുള്ള വൻ ക്യൂവും തിരക്കും ഒരു പരിധി വരെ ഒഴിവാക്കാനും സാധിക്കും. എല്ലാ തിയേറ്ററുകളുടെ മുന്നിലുള്ള കൗണ്ടറുകളിലും ഈ സൗകര്യം ഉണ്ടായിരിക്കുമെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പിഞ്ചു അറിയിച്ചു.

ലോകമെമ്പാടുമുള്ള സിനിമ പ്രേമികൾ ഒരു കുടക്കീഴിൽ എത്തുന്ന മുഹൂർത്തമാണ് അന്താരാഷ്ട്ര ചലച്ചിത്ര മേള. ഇത്തവണ 23-മത് ചലച്ചിത്ര മേളയ്ക്കാണ് തിരുവനന്തപുരം സാക്ഷിയാവുന്നത്.

Read more:  23-മത് ഐഎഫ്എഫ്കെയ്ക്ക് എൻട്രികൾ ക്ഷണിച്ചു….ആകാംഷയോടെ സിനിമ പ്രേമികൾ

ചലച്ചിത്ര മേളയിലേക്ക് ലോകം മുഴുവനുമുള്ള സിനിമ പ്രേമികളാണ് എല്ലാ വർഷവും എത്തുക. ഒരാഴ്ച നീണ്ടു നിൽക്കുന്ന സിനിമാവാരം മികച്ച സിനിമകൾ കാണാനുള്ള ഏറ്റവും നല്ല അവസരമായാണ് സിനിമ പ്രേമികൾ കാണുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന സിനിമ പ്രേമികൾ ഒരുമിക്കുന്നതോടെ തിരുവന്തപുരം ഒരു മഹോത്സവത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ്..