തകര്‍പ്പന്‍ ഡാന്‍സുമായി ഹോളി ആഘോഷിച്ച് താരദമ്പതികള്‍; ‘മൗലി’യിലെ പുതിയ ഗാനം കാണാം

ബോളിവുഡിലെ എറ്റവും ‘ക്യൂട്ടസ്റ്റ് കപ്പിള്‍’ എന്നറിയപ്പെടുന്ന താരദമ്പതികളാണ് റിതേഷും ജെനീലിയയും. ഈ വിളിപ്പേര് ശരിവെയ്ക്കുന്ന കിടിലന്‍ പ്രകടനവുമായാണ് താരദമ്പതികള്‍ വീണ്ടും എത്തിയിരിക്കുന്നത്. മറാത്തി ചിത്രമായ ‘മൗലി’യിലാണ് താരദമ്പതികളുടെ തകര്‍പ്പന്‍ പ്രകടനം. റിതേഷ് ദേശ്മുഖ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിലെ ഒരു ഗാനരംഗത്താണ് ഇരുവരും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ചിത്രത്തില്‍ അതിഥിവേഷത്തിലാണ് ജെനലീയ എത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്കു ശേഷം റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും ‘മൗലി’ എന്ന സിനിമയ്ക്കുണ്ട്. ഏറെ മനോഹരമാണ് ചിത്രത്തിലെ പുതിയ ഗാനം. ഹോളി ആഘോഷത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ഗാനരംഗത്ത് താരദമ്പതികള്‍ മനോഹരമായി നൃത്തം ചെയ്യുന്നുണ്ട്.

റിതേഷ് തന്നെയാണ് ഗാനത്തിന്റെ വീഡിയോ ആരാധകര്‍ക്കായി ട്വിറ്ററിലൂടെ പങ്കുവെച്ചത്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകംതന്നെ ആറ് ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. നാല് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ജെനീലിയയുടെ സ്‌ക്രീന്‍ മാജിക് ആദ്യത്തേതുപോലെ തന്നെയുണ്ട് എന്ന കുറിപ്പോടെയാണ് റിതേഷ് വീഡിയോ ഗാനം പങ്കുവെച്ചത്.

ആദിത്യ സര്‍ഫോദര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മൗലി’. ക്ഷിതിജ് പദ്വര്‍ധനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണവും ജെനീലിയ തന്നെയാണ്. ഡിസംബര്‍ 21 ന് ചിത്രം തീയറ്ററുകളിലെത്തും.