ഇത് പത്ത് വർഷത്തെ പ്രണയ സാഫല്യത്തിന്റെ നിമിഷം..

നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായിരിക്കുകയാണ് ബാഡ്മിന്റണ്‍ താരങ്ങള്‍ സൈന നെഹ്വാളും പി. കശ്യപും. 2005 ൽ ബാഡ്മിന്റൺ അക്കാദമിയിലെ പഠനത്തിനിടയിൽ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തിയിരിയ്ക്കുകയാണ്. ഇരുവരും ഒരുപാട് വർഷങ്ങളായി രഹസ്യമായി സൂക്ഷിച്ചിരുന്ന പ്രണയ ബന്ധം ഇവരുടെ അടുത്ത സുഹൃത്തുക്കൾ മാത്രമേ അറിഞ്ഞിരുന്നുള്ളു.

ഹൈദരാബാദിൽ ലളിതമായ ചടങ്ങുകളോടെയാണ്  ഇരുവരുടെയും വിവാഹം നടന്നത്..  ഡിസംബർ 21 ന് എല്ലാവർക്കുമായി സത്കാരം നടത്തുമെന്നും ഇരുവരുടെയും അടുത്ത ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്. ഇന്ത്യക്ക് വേണ്ടി ഇരുപതിലധികം പ്രധാന മെഡലുകൾ കരസ്ഥമാക്കിയ സൈന, ലോക ചാംബ്യൻഷിപ്പിലേക്കായി വെള്ളി, വെങ്കലം തുടങ്ങി മെഡലുകളും നേടിയിട്ടുണ്ട്.  2013 ൽ ലോക റാങ്കിലെങ്കിൽ ആറാം സ്ഥാനം നേടിയിട്ടുള്ള താരമായ കശ്യപ്, 2014 കോമൺവെൽത്ത് ഗെയിംസിലെ സ്വർണ്ണ മെഡൽ ജേതാവുകൂടിയാണ്.

ഇന്ത്യക്ക് ഏറെ അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച ഇരുവരുടെയും വിവാഹ വാർത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.   താരങ്ങൾക്ക് ആശംസകളുമായി നിരവധി ആളുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.