‘സത്യം പറഞ്ഞാ വിശ്വസിക്കുവോ?’..ബിജു മേനോൻ സംവൃത താരജോഡികൾ ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു…

December 6, 2018

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്താടുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.  പ്രിയതാരം ബിജുമോനോന്റെ നായികയായാണ് സംവൃതയുടെ രണ്ടാം വരവ്. ബിജു മേനോനും സംവൃതയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു.’സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്നാണ് ചിത്രത്തിന്റെ പേര്.

സംവൃത സുനില്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നെങ്കിലും ചിത്രത്തിന്റെ പേര് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നില്ല. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.

Read also: ഒരിടവേളയ്ക്ക് ശേഷം സംവൃത സുനില്‍ വീണ്ടും വെള്ളിത്തിരയിലേക്ക്..

രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി.