പുതിയ ചട്ടങ്ങളുമായി ട്രായ്; 130 രൂപയ്ക്ക് 100 ചാനലുകൾ..

December 15, 2018

ടെലികോം നിയന്ത്രണ അതോറിറ്റിയുടെ പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നു.  ഉപയോക്താവിന് ആവശ്യമുള്ള ചാനലുകള്‍ക്ക് മാത്രം പണം നല്‍കുന്ന സംവിധാനമാണ് ട്രായ് നടപ്പിലാക്കുന്നത്. പുതിയ നിയമ പ്രകാരം പ്രതിമസം 130 രൂപയും നികുതിയും നല്‍കി ഇഷ്ടമുള്ള നൂറ് ചാനലുകള്‍ ആവശ്യക്കാർക്ക്  തിരഞ്ഞെടുക്കാം.

തിരഞ്ഞെടുത്ത നൂറ് ചാനലുകൾക്ക് പുറമെ കൂടുതല്‍ ചാനലുകള്‍ ആസ്വദിക്കണമെങ്കില്‍ അധിക തുക നല്‍കിയാല്‍ മതി. ഡിടിഎച്ച്, കേബിള്‍ കമ്പനികളുടെ അമിത നിരക്ക് ഈടാക്കല്‍ രീതി അവസാനിപ്പിക്കാനാണ് ട്രായ് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിസംബർ 29 മുതലായിരിക്കും പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന്റെ ഭാഗമായി നിരവധി മുന്‍നിര ചാനല്‍ നെറ്റ് വര്‍ക്കുകള്‍ നിരക്കുകള്‍ വെട്ടിക്കുറച്ചു.

ഡിടിഎച്ചില്‍ 75 രൂപ നിരക്കില്‍ ലഭ്യമായിരുന്ന ഡി സ്‌പോര്‍ട്‌സിനു 4 രൂപയാണ് പുതിയ നിരക്ക്. എന്നാല്‍ ട്രായ്‌യുടെ പുതിയ ചട്ടപ്രകാരം സ്റ്റാര്‍, സോണി, സീ, കളേഴ്‌സ് തുടങ്ങിയ ചാനല്‍ ശൃംഖലകളുടെ മുഴുവന്‍ ചാനലുകളും തിരഞ്ഞെടുക്കുന്നവര്‍ക്ക് കൂടുതല്‍ നിരക്ക് നല്‍കേണ്ടവരുമെന്നാണ് കരുതുന്നത്..