വിജയ് സേതുപതി മലയാളത്തിലേക്ക്

തമിഴകത്ത് മാത്രമല്ല കേരളക്കരയിലും ഉണ്ട് വിജയ് സേതുപതിക്ക് ആരാധകര്‍ ഏറെ. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. ഇപ്പോഴിതാ താരം മലയാള സിനിമയുടെ ഭാഗമാകുന്നു എന്ന വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരം ജയറാമിനൊപ്പമാണ് മലയാളത്തിലേക്കുള്ള വിജയ് സേതുപതിയുടെ കടന്നുവരവ്. ജയറാം തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ആരാധകരുമായി ഈ വിശേഷം പങ്കുവച്ചത്. സനില്‍ കളത്തിലാണ് ചിത്രത്തിന്റെ സംവിധാനം.

അതേസമയം ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഇന്ന് വൈകിട്ട് ആറ് മണിക്ക് വിജയ് സേതുപതിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിടും. പ്രേം ചന്ദ്രന്‍ എ ജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സത്യം മൂവീസ് എന്ന ബാനറിലൂടെ സത്യം ഓഡിയോസ് ചലച്ചിത്ര നിര്‍മ്മാണരംഗത്തേക്ക് ചുവടുവെയ്ക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അടുത്ത വര്‍ഷമായിരിക്കും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.