പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

January 30, 2019

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛൻ നൽകിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടത്. അതേസമയം ആർക്കായിരിക്കും അന്വേഷണ ചുമതല എന്ന് തീരുമാനിച്ചിട്ടില്ല. അന്വേഷണസംഘത്തില്‍ ആരായിരിക്കുമെന്ന് ഉടന്‍ തന്നെ തീരുമാനമെടുക്കും.

മകന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് പിതാവ് സി കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ഡ്രൈവറുടെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്ധ്യം അന്വേഷിക്കണമെന്നതായിരുന്നു പരാതിയിലെ ആവശ്യം.

അപകടസമയത്ത് വണ്ടി ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി. കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ച ശേഷമുള്ള സംഭവങ്ങള്‍ ഓര്‍മയില്ലെന്നും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചത് ഡ്രൈവർ ആണെന്നാണ് ഭാര്യ ലക്ഷ്മി മൊഴി നൽകിയത്. ഈ മൊഴിയിലെ വൈരുധ്യം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ സാക്ഷി മൊഴികളുടെയും മറ്റും അടിസ്ഥാനത്തിൽ വണ്ടി ഓടിച്ചത് ബാലഭാസ്കർ തന്നെയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷന് സമീപം വച്ചുണ്ടായ അപകടത്തിലാണ് ബാലുവിനും കുടുംബത്തിനും അപകടം പറ്റിയത്. സംഭവ സ്ഥലത്തന്നെ മകൾ തേജസ്വിനി മരിച്ചു. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ ഇരിക്കവെ ഒക്ടോബർ 2 നാണ് ബാലഭാസ്കർ ഓർമ്മയായത്.