പാട്ടുപാടി, മോതിരമൂരി; ഫയര്‍ഫോഴ്‌സിന്റെ പുത്തന്‍ തന്ത്രത്തിന് കൈയടിച്ച് സോഷ്യല്‍ മീഡിയ

പല തന്ത്രങ്ങളും കുതന്ത്രങ്ങളുമൊക്കെ ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുകയാണ് ഫയര്‍ഫോഴ്‌സിന്റെ ഒരു പുത്തന്‍ തന്ത്രം. പൊന്നാനി ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നടന്ന ഒരു രക്ഷാപ്രവര്‍ത്തന രീതിക്കാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളുടെ കൈയടി.

സംഭവം ഇങ്ങനെ, കൈവിരലില്‍ മോതിരം കുടുങ്ങിയ നിലയില്‍ പൊന്നാനി ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ ഒരു വിദ്യാര്‍ത്ഥിയെത്തി. പേടിയോടും വേദനയോടും ഫയര്‍ഫോഴ്‌സിന്റെ അടുത്തെത്തിയ കുട്ടിയ ആദ്യം ഉദ്യാഗസ്ഥര്‍ ആശ്വസിപ്പിച്ചു. അവന്‍ മനോഹരമായി പാടുമെന്നറിഞ്ഞപ്പോള്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വേറിട്ടൊരു തന്ത്രം തന്നെ പുറത്തെടുത്തു. കുട്ടിയോട് നല്ലൊരു പാട്ടുപാടാന്‍ ആവശ്യപ്പെട്ടു. കുട്ടി പാടാന്‍ തുടങ്ങി. കുട്ടിയുടെ ശ്രദ്ധ പാട്ടിലായപ്പോള്‍ ഉദ്യാഗസ്ഥര്‍ ആ മോതിരം മെല്ലെ അറുത്തെടുത്തു.

എന്തായാലും സംഗതി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഫയര്‍ഫോഴ്‌സ് ഉദ്യാഗസ്ഥരുടെ ആത്മാര്‍ത്ഥതയെയും കുട്ടിയുടെ ആലപനമികവിനെയുമെല്ലാം പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.