‘കൂട് വിട്ട് പാറും തേന്‍കിളി…’; കൈയടി നേടി ജൂണിലെ പുതിയ ഗാനം

പ്രേക്ഷകരുടെ കൈയടി നേടുകയാണ് രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ജൂണ്‍’ എന്ന സിനിമയിലെ പുതിയ ഗാനം. ‘കൂട് വിട്ട് പാറും തേന്‍കിളി…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം മണിക്കൂറുകള്‍ക്കൊണ്ട് ഒരു ലക്ഷത്തിലധികംപേരാണ് കണ്ടത്. ബിന്ദു അനിരുദ്ധന്‍ എന്ന പുതുമുഖ ഗായികയാണ് ജൂണിലൂടെ മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ബിന്ദുവിന്റെ ആലാപനത്തിനും കൈയടി നല്‍കുന്നുണ്ട് പ്രേക്ഷകര്‍. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍.

നവാഗതനായ അഹമ്മദ് കബീറാണ് ജൂണിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇഫ്തിയാണ് ജൂണിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലഘട്ടം മുതല്‍ വിവാഹം വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. വിത്യസ്തമായ ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ രജിഷ വിജയന്‍ എത്തുന്നതും.

വിജയ് ബാബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിങ്ങനെ വിത്യസ്ത തലങ്ങളിലൂടെയാണ് ജൂണിന്റെ സഞ്ചാരം. ചിത്രത്തിനുവേണ്ടിയുള്ള രജിഷയുടെ മെയ്ക്ക്ഓവറും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.