മലയാള സിനിമയെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യ റാണി കൽപന ഓർമ്മയായിട്ട് മൂന്ന് വർഷങ്ങൾ..

January 25, 2019

കല്പന ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷം.. നർമ്മം പോലെ നിഷ്കളങ്കമായ ചിരിയും വർത്തമാനങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞുനിന്ന ഹാസ്യ റാണി കല്പന ഓർമ്മയായിട്ട് ഇന്ന് മൂന്ന് വർഷങ്ങൾ. ബാല താരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച കല്പന നായികയായും സഹനടിയായും തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്നു.

മലയാള സിനിമയിൽ ഇത്രമാത്രം മനോഹരമായി ഹാസ്യ രംഗങ്ങൾ കൈകാര്യം  ചെയ്ത മറ്റൊരു നടിയും ഉണ്ടായിട്ടില്ല.  തനിക്ക് ലഭിക്കുന്ന ഏതൊരു കഥാപാത്രത്തെയും അതിന്റെ പൂർണതയിൽ എത്തിക്കാൻ ശ്രമിച്ചിരുന്ന ഈ അതുല്യ കലാകാരി ഓർമ്മയായിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ കല്പന ചേച്ചിയുടെ മരിക്കാത്ത ഓർമ്മകളിലൂടെ ഒന്ന് കണ്ണോടിക്കാം….

1977ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലും ദിഗ്‌വിജയത്തിലും ബാലതാരമായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് കൽപന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പാരമ്പര്യമായി പകർന്ന് ലഭിച്ച അഭിനയത്തേയും കലയെയും ആത്മാർത്ഥമായി പ്രണയിച്ച ഈ കലാകാരി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അവസാന മലയാള ചിത്രം ചാർളിയിലെ മേരിയിലെ കഥാപാത്രത്തിന് ശേഷം മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി ആ അതുല്യ പ്രതിഭ സിനിമാലോകത്തോടും ജീവിതത്തോടും വിടപറഞ്ഞു.

ശിവന്‍ സംവിധാനം ചെയ്ത യാഗം എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലും അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയിലിലും നായികയായി തിളങ്ങിയ താരം പിന്നീട് നായികാ കഥാപാത്രങ്ങളിൽ നിന്നും മാറി ഹാസ്യത്തിലേക്ക് ചുവടുവെയ്ക്കുകയായിരുന്നു..പഞ്ചവടിപ്പാലത്തിലെ അനാര്‍ക്കലി,  പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ മോഹിനിയുമായി വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ചതോടെ മലയാളസിനിമയിലെ പെണ്‍ഹാസ്യതാരപട്ടികയിൽ ഇടം നേടുകയായിരുന്നു ഈ താരറാണി.