‘മാണിക്യ മലരായ പൂവി…; തെലുങ്ക് പതിപ്പിനും വരവേല്‍പ്

ഒരു കണ്ണിറുക്കലിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് പ്രിയ വാര്യര്‍. അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി… എന്നു തുടങ്ങുന്ന ഗാനത്തിലായിരുന്നു പ്രീയയുടെ ഈ കണ്ണിറുക്കല്‍. വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ലെങ്കിലും ഈ ഗാനം ഇന്നും പലരും ഏറ്റുപാടാറുണ്ട്. ഇപ്പോഴിതാ പാട്ടിന്റെ തെലുങ്കു പതിപ്പും പുറത്തിറങ്ങി. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലാണ് ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒമര്‍ ലുലു സംവിധാനം നിര്‍വ്വഹിച്ച അഡാര്‍ ലൗ എന്ന ചിത്രത്തെ ഏറെ ശ്രദ്ധേയമാക്കിയത് പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ രംഗം തന്നെയായിരുന്നു. രാജ്യാന്തര തലത്തില്‍ തന്നെ ഈ കണ്ണിറുക്കല്‍ രംഗം ചര്‍ച്ച ചെയ്യപ്പെട്ടു.

ഫെബ്രുവരി 14, പ്രണയദിനത്തില്‍ തെലുങ്ക് പതിപ്പ് തീയറ്ററുകളിലെത്തും. ലൗവേഴ്‌സ് ഡേ എന്ന പേരിലാണ് ചിത്രം തെലുങ്കില്‍ പുറത്തിറങ്ങുന്നത്. മലയാളത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ ഗാനം തെലുങ്കില്‍ അനുദീപാണ് ആലപിച്ചിരിക്കുന്നത്.