കാത്തിരിപ്പിന് വിരാമം; ‘പേരന്പ്’ തിയേറ്ററുകളിൽ എത്താൻ മണിക്കൂറുകൾ മാത്രം..

വാനോളം പ്രശംസകൾ ഏറ്റുവാങ്ങിയ മമ്മൂട്ടി ചിത്രം പേരന്പിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച് കൈയ്യടി നേടിയ ചിത്രം നാളെ  ലോകമെങ്ങുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

ഓൺലൈൻ ടാക്‌സി ഡ്രൈവറായ അമുദൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി വേഷമിടുന്നത്. ശാരീരിക അസ്വസ്ഥതകൾ ഉള്ള ഒരു പെൺകുട്ടിയുടെ അച്ഛനാണ് അമുദൻ. അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെയും ഇരുവരും കടന്നുപോകുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകൾക്കും ട്രെയ്‌ലറുകൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രീമിയർ ഷോയ്ക്ക് ശേഷം സിനിമ മേഖലയിൽ ഉള്ള നിരവധി ആളുകളും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ അഭിനയത്തിനും അഭിനന്ദന പ്രവാഹവുമായി നിരവധി ആളുകൾ എത്തി.

റാം സംവിധാനം ചെയ്തിരിക്കുന്ന ചിത്രങ്ങളിൽ മമ്മൂട്ടിയെക്കൂടാതെ അഞ്‌ജലി, സാദന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നാളെ തിയേറ്ററുകൾ കീഴടക്കാൻ എത്തുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം തന്നെയാണ് മുഖ്യ ആകർഷണമായി ആരാധകർ കാത്തിരിക്കുന്നത്.