‘മമ്മൂട്ടി സാറിന്റെ അഭിനയം കണ്ട് കട്ട് പറയാൻ വരെ മറന്നുപോയി’- ലൊക്കേഷനിലെ അനുഭവം പങ്കുവെച്ച് കൊറിയോഗ്രാഫർ നന്ദ..

മമ്മൂക്ക നായകനായി എത്തുന്ന പേരന്പിനായി അക്ഷമരായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. നിരവധി ഫിലിം ഫെസ്റ്റിവലുകളിലും, പ്രീമിയർ ഷോകളിലും പ്രദർശനത്തിനെത്തിയ ചിത്രം കണ്ടവരുടെ പ്രതികരണങ്ങൾ കേട്ട് മമ്മൂട്ടി എന്ന അത്ഭുത പ്രതിഭയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

പേരന്പിന്റെ ചിത്രീകരണത്തിനിടെ ഷോട്ട് കട്ട് ചെയ്യാൻ മറന്നുപോയതടക്കമുള്ള  അനുഭവം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫർ നന്ദു. തന്നോട് സംസാരിക്കാതെ പിണങ്ങി നിൽക്കുന്ന മകളെ ചിരിപ്പിക്കുന്നതിനായി മമ്മൂട്ടി കാണിക്കുന്ന അഭിനയങ്ങളുടെ രംഗങ്ങൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിന്റെ അനുഭവങ്ങളാണ് നന്ദ പങ്കുവെയ്ക്കുന്നത്.

മകളുടെ മുന്നിൽ മമ്മൂട്ടി സാർ ഡാൻസ് കളിക്കുന്നൊരു രംഗം ചിത്രീകരിക്കാൻ റാം സാർ ആവശ്യപ്പെട്ടു. ഈ രംഗം ചിത്രീകരിക്കുന്നതിനായി മമ്മൂട്ടി സാറിനെ റിഹേഴ്‌സലിന് വിളിക്കാമോയെന്ന് ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ല. രംഗം അദ്ദേഹത്തിനോട് പറഞ്ഞാൽ മതിയെന്നും ബാക്കി അദ്ദേഹം ചെയ്തുകൊള്ളുമെന്നും റാം സാർ പറഞ്ഞു.

Read also: ‘പേരന്പ് ഉണ്ടായതിങ്ങനെ’; ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ കാണാം..

പക്ഷെ പത്ത് പതിനഞ്ച് ദിവസം കടന്നുപോയിട്ടും ആ രംഗം ഷൂട്ട് ചെയ്യാൻ സാധിച്ചില്ല. ഈ രംഗത്തെക്കുറിച്ച് പലപ്പോഴും ഞങ്ങൾ സംസാരിക്കുമായിരുന്നു. എന്നാലും അതിന്റെ ഷൂട്ടിങ് മാത്രം നടന്നില്ല. പക്ഷെ ഒരിക്കൽ മമ്മൂട്ടി സാർ വന്നു പറഞ്ഞു നമുക്ക് ആ രംഗം ഷൂട്ട് ചെയ്യാമെന്ന്. ഞാൻ റാം സാറിനോട് ചെന്ന് പറഞ്ഞു നമുക്ക് ആ രംഗം ചിത്രീകരിക്കാമെന്ന്. അങ്ങനെ ആ സീൻ ചിത്രീകരണം ആരംഭിച്ചു. ഒറ്റ ഷോട്ടിലാണ് ആ രംഗം ചിത്രീകരിക്കാൻ പോകുന്നതെന്ന് ഛായാഗ്രാഹകൻ പറഞ്ഞു. കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി കാരണം ആ ഒരു ഷോട്ട് ആറ്‌ മിനിറ്റായിരുന്നു.

അങ്ങനെ ഞാൻ ആക്ഷൻ പറഞ്ഞ് മമ്മൂട്ടി സാർ ആ രംഗം ചിത്രീകരണം ആരംഭിച്ചു. മനോഹരമായി സാർ ആറു മിനിറ്റ് അഭിനയിച്ചു. അതുകഴിഞ്ഞും സാർ അഭിനയം തുടർന്നു. എല്ലാവരും സാറിന്റെ അഭിനയത്തിൽ ലയിച്ചു നിൽക്കുകയാണ്. പലരുടേയും കണ്ണുകൾ നിറഞ്ഞ് ഒഴുകുകയാണ്.  റാം സാറാണ് നിർത്താൻ പറയേണ്ടത്. കട്ട് പറയേണ്ടത് ഞാനും. പക്ഷെ മോണിറ്ററിൽ നോക്കി ഇരുന്നതല്ലാതെ മറ്റൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല. അവസാനം മമ്മൂട്ടി സാർ തന്നെ കട്ട് പറഞ്ഞു. കണ്ടു നിന്നവരെല്ലാം നിറകണ്ണുകളോടെ കയ്യടിച്ചു. അത്ര മനോഹരമായാണ് മമ്മൂട്ടി സാർ ആ രംഗം അഭിനയിച്ചത്.”നന്ദ പറഞ്ഞു നിർത്തി.