ആരാധകർക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി വിജയ് സേതുപതി

തെന്നിന്ത്യ മുഴുവൻ ആരാധനയോടെ നോക്കിക്കാണുന്ന നടനാണ് മക്കൾ സെൽവൻ വിജയ് സേതുപതി. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് സേതുപതി. ‘സിന്ദുബാദ്’ എന്ന്  പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും.

എസ് യു അരുൺ കുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിജയുടെ  നായികയായി എത്തുന്നത് അഞ്ജലിയാണ്. അരുൺ കുമാറും സേതുപതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം എന്ന പ്രത്യേകതയും സിന്ദുബാദിനുണ്ട്.’പന്നയാരും പത്മിനിയും’, ‘സേതുപതി’ എന്നിവയാണ് ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങൾ. യുവാൻ ശങ്കർ രാജ സംഗീതം ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് എസ് എൻ രാജരാജൻ പ്രൊഡക്ഷൻസാണ്.

സീതാകത്തി, സൈറാ നരസിംഹ റാവു, എന്നിവയാണ് വിജയ് സേതുപതിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങൾ. കാർത്തിക് സുബ്ബരാജ് സംവിധാനം നിർവഹിച്ച ‘പേട്ട’യാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. രജനി കാന്തിനൊപ്പം പ്രധാന കഥാപാത്രമായി സേതുപതിയും പ്രത്യക്ഷപ്പെടുന്ന ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുകയാണ്.