അധ്യാപകസമരത്തില്‍ ക്ലാസ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായവുമായി വിജയ് ഫാന്‍സ്

മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ സോഷ്യല്‍മീഡിയയുടെ കൈയടി നേടുകയാണ് വിജയ് ഫാന്‍സ്. തമിഴ്‌നാട്ടില്‍ പ്രഖ്യാപിച്ച അനിശ്ചിതകാല അധ്യാപകസമരത്തെതുടര്‍ന്ന് ക്ലാസ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായാണ് വിജയ് ഫാന്‍സ് രംഗത്തെത്തിയിരിക്കുന്നത്. അധ്യാപകസമരത്തെതുടര്‍ന്ന് മിക്ക സര്‍ക്കാര്‍ സ്‌കൂളുകളും അടച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ്. ഇത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ കാര്യമായിതന്നെ ബാധിക്കുന്നുണ്ട്.

90ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന തിരുപ്പൂര്‍ ചിന്നയ്യ ഗൗഡന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകസമരംമൂലം വലഞ്ഞപ്പോള്‍ വിജയ് ഫാന്‍സ് രണ്ട് അധ്യാപകരെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി നിയോഗിച്ചു. സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണവും പ്രശംസയും പ്രോത്സാഹനവുമാണ് വിജയ് ഫാന്‍സിന്റെ പുതിയ നീക്കത്തിന് ലഭിക്കുന്നത്.

അധ്യാപകസംഘടനകളുടെ സംയുക്ത ആക്ഷന്‍ കൗണ്‍സിലും സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയുമാണ് അധ്യാപകസമരം നടത്തുന്നത്. അതേസമയം തമിഴ്‌നാട്ടിലെ രണ്ട് ബിരുദ വിദ്യാര്‍ത്ഥികളും സമരത്തില്‍ പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.