‘ഇളയരാജ’യ്ക്ക് വേണ്ടി ജയസൂര്യ പാടിയ ‘കപ്പലണ്ടി’ പാട്ട്; വീഡിയോ

അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും വെള്ളിത്തിരയില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് ജയസൂര്യ. അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല പാട്ടിന്റെ കാര്യത്തിലും ജയസൂര്യ മുന്നില്‍തന്നെയാണ്. ഇപ്പോഴിതാ ജയസൂര്യ വീണ്ടും ഗായകനാവുകയാണ്. ‘ഇളയരാജ’ എന്ന ചിത്രത്തിനു വേണ്ടിയാണ് ജയസൂര്യ ഗായകനായത്. ചിത്രത്തിനുവേണ്ടി ജയസൂര്യ ആലപിച്ച ‘കപ്പലണ്ടി’ പാട്ടിന്റെ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘ഇളയരാജ’ എന്ന ചിത്രത്തിനുവേണ്ടി ഗാനം ആലപിക്കുന്നതിന്റെ വിശേഷം ജയസൂര്യതന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. അഭിനയംപോലെതന്നെ ജയസൂര്യയുടെ ആലാപനവും മികച്ചതാണെന്നാണ് ആരാധകരുടെ കമന്റ്. മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇളയരാജ’. വനജന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. ഗോഗുല്‍ സുരേഷ്, ദീപക്, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Read More: ‘ഒരു നട്ടപ്പാതിരക്ക് കുമ്പളങ്ങിയില്‍’; കുമ്പളങ്ങി നൈറ്റ്‌സിന്റെ രസകരമായ അണിയറവീഡിയോ

മാധവ് രാംദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’. മേല്‍വിലാസം’, ‘അപ്പോത്തിക്കിരി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് മാധവ് രാംദാസന്‍. കപ്പലണ്ടി എന്നു തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. രതീഷ് വേഗയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.