കഷ്ടപാടുകൾക്കിടയിലും ‘അമ്മ പകർന്ന് നൽകിയ ആത്മവിശ്വാസമാണ് ഇൽമയ്ക്ക് ഐ പി എസ് നേടിക്കൊടുത്തത്..

February 10, 2019

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ കുണ്ടര്‍ക്കി എന്ന ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിലാണ് ഇൽമ എന്ന പെൺകുട്ടി ജനിച്ചത്. ഇൽമയുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു. പതിനാലാം വയസിൽ അച്ഛനെ നഷ്ടമായ ഇൽമ അവിടെ ജീവിതം അവസാനിച്ചുവെന്ന് കരുതി.

എന്നാൽ ഇന്ന് 26 ആം വയസിൽ ഐ പി എസ് സ്വന്തമാക്കിയ ഈ പെൺകുട്ടിക്ക് മുന്നിൽ ഉണ്ടായിരുന്നത് ദാരിദ്രത്തിനിടയിലും ആത്മ വിശ്വാസം പകർന്ന് നൽകിയ അമ്മയും, ജയിക്കണമെന്ന ആഗ്രഹവും മാത്രമാണ്.

ഭർത്താവ് മരിച്ചെങ്കിലും കുട്ടികളെ വളർത്തി ഉയർച്ചയിലെത്തിക്കണമെന്നായിരുന്നു ഇൽമയുടെ അമ്മയുടെ ആ​ഗ്രഹം. അതുകൊണ്ട് തന്നെ വിധിയെ പഴിച്ചിരിക്കാതെ രാത്രികളെയും പകലുകളാക്കി കഠിനാധ്വാനത്തിലൂടെ അവർ രണ്ട് കുട്ടികൾക്കും ഉയർന്ന വിദ്യാഭ്യസം നേടിക്കൊടുത്തു.

അമ്മയുടെ പിന്തുണയും ഇച്ഛാശക്തിയും മാത്രമായിരുന്നു ഇൽമ എന്ന പെൺകുട്ടിയ്ക്ക് മുന്നിൽ ഉണ്ടായിരുന്നത്… ഗ്രാമത്തില്‍നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടിയ ഇല്‍മ പിന്നീട് ഡൽഹി സെന്റ് സ്റ്റീഫന്‍സ് കോളജിലേക്കും എത്തി. ഫിലോസഫിയായിരുന്നു ഇൽമ പഠിച്ച വിഷയം. പഠനത്തില്‍  മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഇല്‍മയ്ക്ക് വിദേശ സ്കോളര്‍ഷിപ് ലഭിച്ചു. ഓക്സ്ഫോഡിൽ ആയിരുന്നു അവസരം. അവിടെ വോള്‍ഫ്‍സന്‍ കോളജില്‍ മാസ്റ്റേഴ്സ് പഠനം ഇൽമ പൂർത്തിയാക്കി. ബിരുദാനന്തര ബിരുദത്തിനുശേഷം അവൾ പോയ‌ത് അമേരിക്കയിലേക്കാണ്.

പിന്നീട് ഇന്ത്യയിൽ എത്തിയ ഇൽമ സിവിൽ സർവീസ് പഠനം ആരംഭിച്ചു. ഇല്‍മ 2017-ലെ പരീക്ഷയില്‍ 217-ാം റാങ്കോടെ  ഉന്നതവിജയം നേടുകയായിരുന്നു. അങ്ങനെ ഐപിഎസിലേക്ക്…ഇന്ന് സ്വന്തം നാടിനുവേണ്ടി സേവനം അനുഷ്‌ഠിക്കുന്ന ഒരു ഐ പി എസുകാരി.. ആത്മവിശ്വാസത്തിന്റെയും ഇച്ഛാശക്തിയുടെയും പ്രതിരൂപം..