“വക്കീലിന് കേസൊന്നുമില്ലേ”; ശ്രദ്ധേയമായി കോടതി സമക്ഷം ബാലന്‍ വക്കീലിലെ വീഡിയോ ഗാനം

ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ചിത്രത്തിനു വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വിക്കനായ വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.

പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിലെ പുതിയ വീഡിയോഗാനം പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ‘തേന്‍ പനിമതിയേ…’എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബികെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. രാഹുല്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ഹരിശങ്കറാണ് ആലാപനം. രസകരമായ ചില ഡയലോഗുകളും പാട്ടിനിടയില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.

‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ദിലീപും ബി ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.