ചില്ലറക്കാരനല്ല ‘മിറാഷ് 2000’; കൂടുതല്‍ അറിയാം

February 26, 2019

ആശ്വാസവും ആത്മവിശ്വാസവും നിറഞ്ഞ വാര്‍ത്ത കേട്ടുകൊണ്ടാണ് ഇന്ത്യ ഇന്ന് ഉണര്‍ന്നത്. ‘പുല്‍വാമ ഭീകരാക്രമണത്തിന് ശക്തമായി ഇന്ത്യ തിരിച്ചടിച്ചു’ എന്ന വാര്‍ത്ത. ഇന്ന് വെളുപ്പിന് 3; 30 നായിരുന്നു പാകിസ്ഥാന്‍ ഭീകരര്‍ക്കുനേരെ ആക്രമണം ഉണ്ടായത്. ഏകദേശം 23 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ആക്രമണമാണ് നടന്നത്. ഒരു ഡസന്‍ മിറാഷ് വിമാനങ്ങളുപയോഗിച്ച് 1000 കിലോയോളം ബോംബുകള്‍ വര്‍ഷിച്ചായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പുല്‍വാമ ഭീകരാക്രമണമുണ്ടായപ്പോള്‍ തന്നെ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പന്ത്രണ്ട് ദിവസങ്ങള്‍ക്ക് അപ്പുറം ഇന്ത്യന്‍ സൈന്യം നടപ്പിലാക്കി.

ഇന്ത്യന്‍ വ്യോമസേനയുടെ ‘മിറഷ് 2000’ വിമാനങ്ങളാണ് ശത്രുപാളയത്തെ തുരത്താന്‍ ഇന്ത്യ ഉപയോഗിച്ച വജ്രായുധം. അത്ര നിസാരക്കാരനല്ല ‘ഈ മിറാഷ് 2000’. മിനിറ്റുകള്‍ക്കൊണ്ട് അതിര്‍ത്തിഭേദിച്ച് കനത്ത തിരിച്ചടി നല്‍കി ‘മിറാഷ് 2000’ മടങ്ങിയെത്തി.

ഫ്രഞ്ച് നിര്‍മ്മിതമായ പോര്‍വിമാനങ്ങളാണ് ‘മിറാഷ് 2000’. 1980കളിലാണ് ഇവ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തിലും ഇന്ത്യ പ്രയോഗിച്ച വജ്രായുധം ‘മിറാഷ്’ 2000 വിമാനങ്ങള്‍തന്നെയാണ്. ലേസര്‍ ഗൈഡഡ് ബോംബുകളും ന്യൂക്ലിയര്‍ ക്രൂസ് മിസൈലുകളും അടക്കം 6.3 ടണ്‍ ഭാരം വഹിക്കാനുള്ള കഴിവുണ്ട് ‘മിറാഷ് 2000’ വിമാനങ്ങള്‍ക്ക്. ‘വജ്ര’ എന്നാണ് ഇന്ത്യന്‍ വ്യോമസോന ഈ വിമാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

വേഗതയും കൃത്യതയുമാണ് ‘മിറാഷ് 2000’വിമാനങ്ങളുടെ പ്രധാന പ്രത്യേകത. ഒരു ഫൈറ്റര്‍ പൈലറ്റിനാണ് ഈ വിമാനത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുക. 14.36 മീറ്റര്‍ നീളവും 5.20 മീറ്റര്‍ ഉയരവുമുണ്ട് ഇവയ്ക്ക്. നിലവില്‍ വിവിധ ശ്രേണികളിലുള്ള 44 മിറാഷ് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കീഴിലുണ്ട്.