പൃഥ്വിയും സുകുവേട്ടനും തമ്മിലുള്ള ബന്ധം പോലെയാണ് ‘നയണി’ന്റെ കഥ കേട്ടപ്പോൾ തോന്നിയത്…മല്ലിക പറയുന്നു..

ഒരു അച്ഛനും മകനും തമ്മിലുള്ള സ്നേഹത്തിന്റെയും ബന്ധത്തിന്റെയും കഥ പറയുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനായി എത്തുന്ന നയൻ. റിലീസിനൊരുങ്ങുന്ന ചിത്രത്തിന് ആശംസകളുമായി എത്തുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ.

ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ആദ്യം മനസിലെത്തിയത് പൃഥ്വിയും ഭർത്താവ് സുകുമാരനും തമ്മിലുള്ള ബന്ധമാണെന്നും ചെറുപ്പകാലം മുതൽ സിനിമയെക്കുറിച്ചുള്ള സംശയങ്ങൾ മക്കൾ രണ്ടാളും ഭർത്താവിനോട് ചോദിക്കാറുണ്ടെന്നും സിനിമ നിർമ്മാണവുമായി ബദ്ധപ്പെട്ടുള്ള കാര്യങ്ങളിൽ പൃഥ്വിക്കായിരിക്കും കൂടുതൽ സംശയങ്ങൾ ഉണ്ടാകാറുള്ളതെന്നും പറയുകയാണ് മല്ലിക സുകുമാരൻ.

പുതിയ ചിത്രം നയൻ നിർമ്മിക്കുന്നത് പൃഥ്വിയുടെ ഭാര്യ സുപ്രിയ ആണെന്നും ഇരുവരും ചേർന്നു നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് നയണെന്നും മല്ലിക പറഞ്ഞു.

പൃഥ്വിരാജിനെ നായകനാക്കി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നയൺ. ചിത്രത്തിൽ ഡോക്ടർ ഇനയത് ഖാൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ കാവൽമാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആൽബർട്ട് എന്ന കഥാപാത്രത്തെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. സയൻസ് ഫിക്ഷൻ സ്വഭാവമുള്ള ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസും സോണി പിക്ച്ചേഴ്‌സും ചേർന്നാണ് നിർമിക്കുന്നത്.

ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രം ഫെബ്രുവരി 7 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്. . മലയാളത്തിൽ ഇങ്ങനെയൊരു ചിത്രം ഇതാദ്യമാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിക്കുന്നത്..

മലയാള സിനിമയിൽ പുതിയ വഴികൾ വെട്ടിത്തെളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭാര്യ സുപ്രിയക്കൊപ്പം ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പുതിയ നിർമ്മാണ സംരംഭം ആരംഭിച്ചതെന്ന് താരം നേരെത്തെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.