ഇത് റഹ്മാന്‍ വിസ്മയം; ‘സര്‍വ്വം താളമയ’ത്തിലെ ഗാനം ഏറ്റെടുത്ത് പ്രേക്ഷകര്‍

സംഗീതത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയ ‘സര്‍വ്വം താളമയം’ എന്ന തമിഴ്ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം രാജീവ് മേനോന്‍ വീണ്ടു സംവിധായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജി വി പ്രകാശാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അപര്‍ണ ബാലമുരളിയാണ് നായിക. നെടുമുടി വേണു, ശാന്ത ദനഞ്ജയന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സംഗീത മാന്ത്രികന്‍ ഏ ആര്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഹരിചരണും അര്‍ജുന്‍ ചാണ്ടിയും ചേര്‍ന്നാണ് ആലാപനം. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകംതന്നെ നാല് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ‘വീണ്ടുമൊരു റഹ്മാന്‍ വിസ്മയം’ എന്നാണ് ഗാനത്തെക്കുറിച്ച് പലരുടെയും കമന്റ്.

ദളിത് വിഭാഗത്തില്‍പെടുന്ന ഒരു യുവാവ് മൃദംഗം പഠിക്കാന്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. 2000 ല്‍ തീയറ്ററുകളിലെത്തിയ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന സിനിമയാണ് രാജീവ് മേനോന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം.