ഒടുവിൻ 143 -മത്തെ ട്വീറ്റിന് മറുപടി, ഭിന്നശേഷിക്കാരനായ ആരാധകനെ കാണാൻ എത്തുമെന്ന് ഷാരൂഖ്; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഇന്ത്യ മുഴുവൻ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. അഭിനയത്തിലെ മികവും ആരാധകരോടുള്ള സ്നേഹവുമാണ് ഈ താരത്തെ ഏവരുടെയും പ്രിയപെട്ടവനാക്കുന്നത്. ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ താരം വർത്തയാകുന്നതും ആരാധകനോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും പേരിലാണ്.

മാസങ്ങളായി ഷാരൂഖിന് ട്വീറ്റ് ചെയ്തുകൊണ്ടിരുന്ന അമൃത് എന്ന ആരാധകന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സെറിബ്രൽ പാൾസി ബാധിച്ച തന്റെ സഹോദരന് വേണ്ടി 143 ട്വീറ്റുകളാണ് അമൃത് ഷാരൂഖിന് അയച്ചത്. ഇത് ശ്രദ്ധയിൽപെട്ട ഷാരൂഖ് ആരാധകന് മറുപടി നൽകുകയായിരുന്നു.

അമൃതിന്റെ ട്വീറ്റ് ഇതുവരെ തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലായെന്നും, അതിനാൽ ക്ഷമിക്കണമെന്നും പറഞ്ഞായിരുന്നു ഷാരൂഖ് ട്വീറ്റ് ചെയ്തത്. അമ്മയോട് അന്വേഷണം അറിയിക്കണമെന്നും അമൃതിന്റെ സഹോദരൻ രാജുവിനെ കാണാൻ താൻ വരുന്നുണ്ടെന്നും താരം ട്വീറ്റ് ചെയ്തു.

ഇതോടെ നിരവധി ആളുകളാണ് താരത്തിന് അഭിനന്ദനവുമായി എത്തിയത്. ഷാരൂഖിന്റേത് മികച്ച തീരുമാനമാണെന്നും പലരും ഇത് കണ്ട് പഠിക്കണമെന്നും അറിയിച്ച് നിരവധി ആളുകൾ ട്വീറ്റ് ചെയ്‌തു.

അതേസമയം ഷാരൂഖ് മറുപടി തരുമെന്ന് കരുതിയിരുന്നില്ലെന്നും, തന്റെ സഹോദരൻ രാജുവിന് അത്രയേറെ താരത്തെ ഇഷ്ടമായതുകൊണ്ടാണ് ട്വീറ്റ് ചെയ്ത് ബുദ്ധിമുട്ടിച്ചതെന്നും, ഷാരൂഖിന്റെ തീരുമാനത്തിൽ വളരെയധികം സന്തോഷത്തിലാണ് തങ്ങളുടെ കുടുംബമെന്നും അമൃത് ട്വീറ്റ് ചെയ്തു.