സ്കൂൾ ജീവിതത്തിലെ മധുരസുന്ദര ഓർമ്മകളുമായി ഒരു ഗാനം; വീഡിയോ കാണാം..

മധുര സുന്ദരമായ സ്കൂൾ കാലഘട്ടത്തിന്റെ കഥപറയുന്ന ചിത്രമാണ് ‘സ്വര്‍ണമത്സ്യങ്ങള്‍. ഈ ഓര്‍മ്മയ്ക്ക് വീണ്ടും മധുരം പകര്‍ന്നുകൊണ്ട് ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.  ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജിഎസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വര്‍ണമത്സ്യങ്ങള്‍’.

‘പുഴ ചിതറി’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബിജിബാലിന്റെ സംഗീതത്തില്‍ ജയചന്ദ്രന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. നാട്ടിന്‍പുറവും സ്‌കൂളുമൊക്കെയാണ് ഗാനത്തിന് പശ്ചാത്തലമാകുന്നത്. ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ജീവിതത്തിലെ മധുരസുന്ദര നിമിഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

പ്രധാനമായും പുതുമുഖതാരങ്ങളെ അണിനിരത്തിയാണ് ‘സ്വര്‍ണമത്സ്യങ്ങള്‍’ ഒരുക്കുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്‍, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം ഈ മാസം 22 ന് തിയേറ്ററുകളിൽ എത്തും.