രാജ്യത്തിനുവേണ്ടി ജീവന്‍വെടിഞ്ഞ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മരക്കാര്‍ ലൊക്കേഷനും

പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യത്തിനുവേണ്ടി സ്വന്തം ജീവന്‍ ത്യജിച്ച ധീരജവാന്മാരുടെ വേര്‍പാട് വാര്‍ത്ത നിറമിഴിയോടെയാണ് രാജ്യം കേട്ടത്. മലയാളി ജവാന്‍ വിവി വസന്തകുമാര്‍ ഉള്‍പ്പെടെ 40 സിആര്‍പിഎഫ് ജവാന്മാരാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാജ്യമൊട്ടാകെ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലും ജീവന്‍വെടിഞ്ഞ ധീരജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

മോഹന്‍ലാലും മറ്റ് അണിയറപ്രവര്‍ത്തകരും കൈയില്‍ കത്തുന്ന മെഴുകുതിരികളുമായാണ് ആദരഞ്ജലി അര്‍പ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

പ്രയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയാണ് മരക്കാരെ കാത്തിരിക്കുന്നത്. ചിത്രത്തിനുവേണ്ടിയുള്ള മോഹന്‍ലാലിന്റെ മേക്ക്ഓവറും നേരത്തെ ശ്രദ്ധനേടിയിരുന്നു. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കീര്‍ത്തി സുരേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

നൂറു കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയിരിക്കും. ചിത്രത്തില്‍ വലിയ താര നിരയാണ്അണിനിരക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളില്‍ നിന്നും താരനിരകള്‍ ചിത്രത്തില്‍ വേഷമിടും.