കിടിലന്‍ താളത്തില്‍ ‘ഓട്ട’ത്തിലെ പുതിയ ഗാനം; വീഡിയോ

പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ‘ഓട്ടം’ എന്ന സിനിമയെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. നവാഗതനായ സാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഓട്ടം’. കൂടുതലും പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുങ്ങുന്നത്. മാര്‍ച്ച് എട്ടിന് ചിത്രം തീയറ്ററുകളിലെത്തും. റോഷന്‍, നന്ദു, രേണു, മാധുരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ഓട്ടത്തിലെ പുതിയ ഗാനം. ‘അരിയരയ്ക്കുമ്പം…’ എന്നു തുടങ്ങുന്ന ഗാനമാണ് കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നതും. ഒരു ബാര്‍ പശ്ചാത്തലമാക്കിയാണം ഈ ഗാനരംഗത്തിന്റെ ചിത്രീകരണം. മണികണ്ഠന്‍ ആചാരിയാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നതും. തികച്ചും വിത്യസ്തമായൊരു താളത്തിലാണ് ഗാനം ഒരുകികുയിരിക്കുന്നതും. ഇതു തന്നെയാണ് ഈ ഗാനത്തിന്റെ മുഖ്യ ആകര്‍ഷണവും. മണികണ്ഠന്‍ ആചാരി തന്നെ ആലപിച്ചിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ഗാനത്തിന്. പഴയൊരു നാടന്‍പാട്ടിന്റെ ശീലുകളാണ് ഈ ഗാനരംഗത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

അതേസമയം പ്രേക്ഷകരുടെ മനസുകളിലും ഓടിത്തുടങ്ങിയിരിക്കുകയാണ് ചിത്രത്തിലെ മനോഹരമായ മറ്റൊരു പ്രണയഗാനം. ചിത്രത്തിലെ ‘ആരോമല്‍ പൂവാലി കുരുവി…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ ആദ്യം പുറത്തുവിട്ടത്. ബികെ ഹരിനാരയണന്റേതാണ് ഈ പ്രണയഗാനത്തിലെ വരികള്‍. മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രനാണ് ആലാപനം. പ്രണയവും നോവും നിറഞ്ഞ ജീവിതത്തിലെ ഓട്ടമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജീവിതം ഒരു ഓട്ടമത്സരമാണ് അതില്‍ ജയവും തോല്‍വിയും അല്ല ഓട്ടമാണ് പ്രാധാനം എന്ന് ട്രെയ്‌ലറില്‍ പറഞ്ഞുവെയ്ക്കുന്നു. ചിത്രത്തില്‍ അലന്‍സിയര്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍ മണികണ്ഠന്‍ ആചാരി, രാജേഷ് വര്‍മ്മ, തെസ്‌നി ഖാന്‍, രജിത മധു, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more:ചൂടു കനക്കുന്നു; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ബ്ലെസി, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നിവരുടെ അസോസിയേറ്റായിരുന്ന സാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഓട്ടത്തിനുണ്ട്. തോമസ് തിരുവല്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. വിശാല്‍ വി എസ് എഡിറ്റിങ് നിര്‍വഹിക്കുന്നു.