സൗബിനും ജോജുവും പിന്നെ റിമയും; ഭദ്രന്റെ ‘ജൂതനെ’ പരിചയപ്പെടുത്തി മോഹൻലാൽ

March 15, 2019

പ്രേക്ഷക ഹൃദയങ്ങളില്‍ ചുരുങ്ങിയ കാലയളവുകൊണ്ട് ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു. സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു. ‘ജൂതൻ’ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭദ്രനാണ്.

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സൗബിനൊപ്പം റിമ കല്ലുങ്കൽ നായിക ആയി എത്തുന്ന ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

“എനിക്കു പ്രിയപ്പെട്ട ഭദ്രൻ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതൻ സിനിമയ്ക്ക് എല്ലാ ആശംസകളും….ഓൾ ദ് ബെസ്റ്റ് സൗബിൻ സാഹിർ’ ജൂതന്റെ മോഷൻ പോസ്റ്റർ പങ്കുവെച്ച ശേഷം മോഹൻലാൽ കുറിച്ചു.

പതിനാല് വർഷങ്ങൾക്ക് ശേഷം ഭദ്രൻ വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രം നിർമ്മിക്കുന്നത് റൂബി ഫിലിമ്സിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം ജയന്ത് മാമൻ എന്നിവർ ചേർന്നാണ്. എസ് സുരേഷ് ബാബു തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ലോകനാഥൻ എസാണ്. ചിത്രത്തിന്റെ സംഗീതം തയാറാക്കുന്നത് സുഷിൻ ശ്യാമാണ്.

അതേസമയം സൗബിൻ നായകനായി എത്തുന്ന മറ്റൊരു ചിത്രമാണ് അമ്പിളി. ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നടി നസ്രിയയുടെ അനിയന്‍ നവീന്‍ നസീമും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Read also: ‘എല്ലാവരെയും എപ്പോഴും ചിരിപ്പിക്കുന്ന നടനാണ് സൗബിൻ,’ കുമ്പളങ്ങിയിലെ വിശേഷങ്ങളുമായി ജാസ്മിൻ; വീഡിയോ കാണാം…

അതേസമയം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയതിന്റെ നിറവിലാണ് സൗബിന്‍ സാഹിര്‍. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. സൗബിന്‍ സാഹിര്‍ ആദ്യമായി നായകനായെത്തിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. തീയറ്ററുകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു ഈ ചിത്രം. കേരള സംസ്ഥാന അവാര്‍ഡുകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ‘സുഡാനി ഫ്രം നൈജീരിയ’ സ്വന്തമാക്കി. ജനപ്രീയ ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്.