അഭിനന്ദന് അഭിനന്ദ പ്രവാഹവുമായി ഇന്ത്യൻ കായിക ലോകം;വ്യത്യസ്ത സ്വീകരണമൊരുക്കി ക്രിക്കറ്റ് ടീം

March 2, 2019

പാക്ക് പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ ഇന്ത്യയിൽ തിരിച്ചെത്തിയത്  ഇന്നലെ വൈകിട്ടായിരുന്നു. രാജ്യം നിറഞ്ഞ മനസോടും ആവേശത്തോടും കൂടിയാണ് അഭിനന്ദനെ വരവേറ്റത്. രാജകീയമായിട്ടായിരുന്നു അഭിനന്ദന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ്. വൈകാരികമായ നിമിഷങ്ങള്‍ക്കാണ് ഇന്ത്യ ഇന്നലെ സാക്ഷ്യം വഹിച്ചത്.

ലോകത്തെ മുഴുവൻ ഈ ധീര ജവാന് സ്വാഗതമൊരുക്കിയപ്പോൾ അഭിനന്ദന് വ്യത്യസ്ത രീതിയിൽ സ്വീകരണമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബി സി സി ഐയും. വിങ് കമാന്‍റര്‍ അഭിനന്ദന്‍ എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്‌സിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം  അഭിനന്ദനായി തയ്യാറാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സി പുറത്തുവിട്ടത്.

അതേസമയം ക്രിക്കറ്റ് പ്രമുഖർ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, വി വി എസ് ലക്ഷ്‌മണ്‍, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചിട്ടുണ്ട്. സാനിയ മിര്‍സ, സൈന നെഹ്‌വാള്‍ തുടങ്ങി ഇന്ത്യന്‍ കായിക രംഗത്തുനിന്ന് നിരവധി പ്രമുഖരും വീരപുത്രന്  അഭിന്ദനവുമായി എത്തി.

ഇന്നലെ വൈകിട്ട് വലിയ സ്വീകരണമാണ് അതിര്‍ത്തിയില്‍ അഭിനന്ദന് വേണ്ടി ഒരുക്കിയത്. സൈനിക വിമാനത്തിലാണ് അഭിനന്ദനെ റാവല്‍പിണ്ടിയില്‍ നിന്നും ലാഹോറിലെത്തിച്ചത്. അവിടെനിന്നും റോഡ് മാര്‍ഗം വാഗാ അതിര്‍ത്തിയിലെത്തി. എയര്‍ വൈസ് മാര്‍ഷല്‍മാര്‍ വാഗ- അട്ടാരി ചെക്‌പോസ്റ്റില്‍ സ്വീകരിച്ചു. വ്യോമസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും വാഗ അതിര്‍ത്തിയില്‍ എത്തിയിരുന്നു.

അഭിനന്ദനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ നടപടി.