ആക്ഷന്‍ പറയാന്‍ അനിയന്‍, നായകനായി ചേട്ടന്‍; ‘എന്നിലെ വില്ലന്‍’ ഒരുങ്ങുന്നു

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയത്തിലെ മികവുകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയനായ നടനാണ് നീരജ് മാധവ്. നീരജ് നായകനായി പുതിയ ചിത്രമൊരുങ്ങുന്നു. ‘എന്നിലെ വില്ലന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. എന്നാല്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. നീരജിന്റെ അനിയന്‍ നവനീത് മാധവ് ആണ് എന്നിലെ വില്ലന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. കിടിലന്‍ ലുക്കിലാണ് നീരജ് മാധവ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഏറെ സന്തോഷത്തോടെ അവതരിപ്പിക്കുന്നു; എന്നിലെ വില്ലന്‍ എന്ന ക്യാപ്ഷനോടുകൂടിയാണ് നീരജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. നവനീത് മാധവിന്റെ ആദ്യ സംവിധാന സംരംഭമാണ് എന്നിലെ വില്ലന്‍. സ്വാധിക് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തനിക്കും അനിയനും എന്നും ഒരേ ഇഷ്ടങ്ങളായിരുന്നുവെന്നും ഈ തിരിച്ചറിവില്‍ നിന്നാണ് ഒന്നിച്ചുള്ള സിനിമ എന്ന ആശയം മുന്നോട്ടുവന്നതെന്നും നീരജ് മാധവ് കുറിച്ചു. ഈ ചിത്രം തനിക്ക് വളരെയേറെ സ്‌പെഷ്യല്‍ ആണെന്നും ഈ യാത്ര തുടങ്ങിയിട്ടേയുള്ളൂ, എല്ലാവരുടേയും പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം മാസങ്ങള്‍ക്കു മുമ്പ് കേരളത്തെ ഒന്നാകെ ഉലച്ച പ്രളയവും അതിജീവനവും പ്രമേയമാക്കി നീരജ് മാധവ് ഒരു മ്യൂസിക് ആല്‍ബം സംവിധാനം ചെയ്തിരുന്നു. ‘ഞാന്‍ മലയാളി’ എന്ന ആല്‍ബത്തിനും മികച്ച സ്വീകാര്യത പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നു. കൈ-മെയ്യ് മറന്ന് അതിജീവനത്തിനായി ഒന്നിച്ചുനിന്ന മലയാളികള്‍ക്കുള്ള ഒരു ബിഗ് സല്യൂട്ടായിരുന്നു ഈ ആല്‍ബം. നീരജ് മാധവ് തന്നെയായിരുന്നു ഞാന്‍ മലയാളി എന്ന നവനീത് മാധവിന്റെ ആല്‍ബത്തിലും അഭിനയിച്ചിരുന്നത്.

മിനിസ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ് നവനീത് മാധവ്. ശിക്കാര്‍, മാണിക്യക്കല്ല് തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്തായാലും ചേട്ടനും അനിയനും നടനും സംവിധായകനുമായെത്തുന്ന ചിത്രം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.