‘പതിനെട്ടാം പടി’യിലെ ജോൺ എബ്രഹാം പാലയ്ക്കലിനെ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരം മമ്മൂട്ടിയുടെ ഏറ്റവും  പുതിയ ചിത്രം ‘പതിനെട്ടാം പടി’യുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ പുതിയ മേക്ക് ഓവർ കണ്ട് വീണ്ടും ഞെട്ടിയിരിക്കുകയാണ് ആരാധകർ. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രം താരം പങ്കുവെച്ചത്. ചിത്രത്തിന് താഴെ വലിയ ചർച്ചകളുമായി  ആരാധകരും എത്തി. ചർച്ചാവിഷയം മറ്റൊന്നുമല്ല എന്നത്തേയും പോലെ തന്നെ ഇത്തവണയും വിഷയം അദ്ദേഹത്തിന്റെ പ്രായം തന്നെ. ‘പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ’ എന്ന പറഞ്ഞാണ് ആരാധകർ എത്തുന്നത്.

ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മലയാളത്തിൽ മികച്ച വിജയം നേടി മുന്നേറിയ ‘ഉറുമി’ക്ക് ശേഷം വീണ്ടും ഓഗസ്റ്റ് സിനിമാസും ശങ്കര്‍ രാമകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒരു കൂട്ടം യുവാക്കളുടെ ജീവിത യാത്രയാണ് പതിനെട്ടാം പടിയുടെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read also: സമൂഹ മാധ്യമങ്ങളിൽ തരംഗമായി മോഹൻലാൽ ഫേസ്ബുക്ക് ലൈവ്

ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ആദ്യം സംവിധാനം ചെയ്ത ചിത്രം ‘കേരള കഫെ’ ആയിരുന്നു. അദ്ദേഹം തിരക്കഥ നിര്‍വഹിക്കുന്ന നാലാമത്തെ ചിത്രമാണ് പതിനെട്ടാം പടി. ഉറുമി, നത്തോലിഒരു ചെറിയ മീനല്ല, മൈ സ്റ്റോറി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് പതിനെട്ടാം പടി ഒരുക്കുന്നത്.