ധോണിയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക്; ‘റോര്‍ ഓഫ് ദ ലയണ്‍’ ടീസർ കാണാം..

ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ വെള്ളിത്തിരയിലേക്ക്. ‘റോര്‍ ഓഫ് ദ ലയണ്‍’ എന്ന ഡോക്യുമെന്ററിയിലൂടെയാണ്  ധോണിയുടെ ജീവിതകഥ വെള്ളിത്തിരയിൽ എത്തുന്നത്.

ഡോക്യുമെന്ററിയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം താൻ പറയുന്നുവെന്ന് ധോണി ടീസറില്‍ പറയുന്നുണ്ട്.ഹോട്സ്റ്റാറാണ് എം എസ് ധോണിയുടെ ജീവിതകഥ ഡോക്യുമെന്ററിയായി ഒരുക്കുന്നത്.


മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്ററും‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനുമാണ്‌. 2007 ൽ ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം ട്വന്റി 20 ലോകകപ്പ് കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ആസ്ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ടേലിയയെ തോല്പിച്ച് ജേതാക്കളായി.

ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 – ൽ ലോകകപ്പ് കിരീടം നേടിയത്. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കിയിരുന്നു. 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്.

2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പത്മ ഭൂഷൺ നൽകി ആദരിച്ചു. സെവൻ എന്ന വസ്ത്ര നിർമ്മാണ ശൃംഖലയുടെ ഉടമസ്ഥനാണ്. ചെന്നെെയിൻ എഫ്സിയുടെ സഹ ഉടമസ്ഥനുമാണ്.