‘ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്’; ആ വലിയ ശബ്ദത്തിന്റെ ഉടമ ഗോപന്‍ ഓര്‍മ്മയാകുമ്പോള്‍

ശരാശരി ഒരു മലയാളിയോട് ശ്വാസകോശം എന്തുപോലെയാണെന്ന് ചോദിച്ചാല്‍; സ്‌പോഞ്ച് പോലെയാണെന്നായിരിക്കും ഉത്തരം ലഭിക്കുക. പുകവലി വിരുദ്ധ പരസ്യ ചിത്രത്തിലൂടെ ഈ ഡയലോഗ് മലയാളികള്‍ക്കിടയില്‍ അത്രമേല്‍ ആഴത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ആകാശവാണിയിലെ മുന്‍ വാര്‍ത്താ അവതാരകനായ ഗോപന്‍ ആയിരുന്നു ഈ ശബ്ദത്തിനു പിന്നില്‍. റെക്കോര്‍ഡ് ചെയ്തുവെച്ച ചില ശബ്ദങ്ങള്‍ ബാക്കിവെച്ചുകൊണ്ട് ഗോപന്‍ യാത്രയായി; നിത്യതയിലേക്ക്.

എസ് ഗോപിനാഥന്‍ നായര്‍ എന്നാണ് മുഴുവന്‍ പേര്. 79 വയസായിരുന്നു പ്രായം. രാധികയാണ് ഭാര്യ. മകന്‍ പ്രമോദ്. നൂതന മാധ്യമങ്ങള്‍ മലയാളികളുടെ സ്വീകരണ മുറികളില്‍ സ്ഥാനം പിടിക്കുന്നതിനു മുമ്പ് ആകാശവാണിയായിരുന്നു മലയാളികളുടെ ജീവിതത്തിന്റെ ഭാഗം. ആകാശവാണിയിലെ ഗോപന്റെ വാര്‍ത്ത അവതരണ ശൈലിയും അത്രപെട്ടെന്ന് മറക്കാനാകില്ല. തന്റേതായ ഒരു ശൈലി വാര്‍ത്ത അവതരണത്തില്‍ ആവിഷ്‌കരിക്കാന്‍ ഗോപന് കഴിഞ്ഞു.വാര്‍ത്താ അവതരണത്തിനു പുറമെ മലയാളത്തിലെ ഒട്ടനവധി ഹ്രസ്വചിത്രങ്ങള്‍ക്കും ഗോപന്‍ ശബ്ദം നല്‍കിയിട്ടുണ്ട്. ഡല്‍ഹി എക്‌സ്പിരിമെന്റല്‍ തീയറ്ററിലെ നല്ലൊരു നടന്‍ കൂടിയായിരുന്നു ഇദ്ദേഹം. തിരുവനന്തപുരത്തെ റോസ്‌ക്കോട്ട് കുടുംബാംഗമാണ് ഗോപന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഹിസ്റ്ററിയില്‍ എം എ ബിരുദം നേടി. തുടര്‍ന്ന് 1962- ല്‍ ആകാശവാണിയിലെ വാര്‍ത്ത അവതാരകനായി ഡല്‍ഹിയിലെത്തി. 2001 വരെ ആകാശവാണിയില്‍ തുടര്‍ന്ന ഗോപന്‍ 39 വര്‍ഷക്കാലം വാര്‍ത്താ അവതാരകനെന്ന നിലയില്‍ ശ്രോതാക്കളുടെ ഹൃദയത്തില്‍ ഇടം നേടി.

Read more:‘ഒരൗണ്‍സ് നൊസ്റ്റാള്‍ജിയ കുടിച്ച കിക്കില്‍ ലാല്‍ ജോസ്’; തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനെക്കുറിച്ച് മനോഹരമായ കുറിപ്പ്

പഴയകാലത്തെ ഒരു തലമുറയ്ക്ക് ഗോപന്‍ എക്കലാത്തും വീട്ടിലെ ഒരംഗത്തെപ്പോലെയായിരുന്നു. നേരിട്ട് കണ്ടിട്ടില്ലെങ്കിലും സ്വരംകൊണ്ട് പലര്‍ക്കും സുപരിചിതനാണ് ഗോപന്‍. ഒരു കാലത്ത് ചരിത്രസംഭവങ്ങള്‍ പലതും മലയാളികള്‍ കേട്ടറിഞ്ഞത് ഗോപന്റെ ശബ്ദത്തിലൂടെയായിരുന്നു. ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന കേന്ദ്ര സര്‍ക്കാര്‍ പരസ്യം ഇന്ന് മിമിക്രിയിലെ പോലും നിറസാന്നിധ്യമാണ്. അത്രയ്ക്കുണ്ട് ആ ശബ്ദത്തിന് ആരാധകര്‍. ഗോപന്‍ ഓര്‍മ്മയാകുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ ശബ്ദംകൂടിയാണ് കാലയവനികയ്ക്ക് പിന്നില്‍ മറയുന്നത്.