ഐ പി എൽ; ചെന്നൈ സൂപ്പർ കിങ്സിനെ മുട്ടുകുത്തിച്ച് മുംബൈ ഇന്ത്യൻസ്

നാടെങ്ങും ഇലക്ഷൻ ചൂടിൽ നിൽക്കുമ്പോഴും ക്രിക്കറ്റ് പ്രേമികൾ ഐ പി എൽ ആവേശത്തിലാണ്.. ഐ പി എൽ പന്ത്രണ്ടാം സീസണിലെ മത്സരങ്ങളിൽ ആദ്യ തോൽവി രുചിച്ച് ചെന്നൈ സൂപ്പർ കിങ്‌സ്. ഇന്നലെ മുംബൈയിലെ വാംഖഡെയിൽ നടന്ന മാച്ചിലാണ് മുംബൈ ഇന്ത്യൻസിനോട് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെട്ടത്. 37 റൺസിനാണ് ചെന്നൈ തോൽവി സമ്മതിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈക്കായ് മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഹാർദ്ദിക്ക് പാണ്ഡ്യയാണ് പ്ലെയർ ഓഫ് ദ മാച്ച്. മുംബൈക്കായി സൂര്യകുമാർ യാദവ് 59(43), ക്രുണാൽ പാണ്ഡ്യ 42(32) റൺസ് നേടി.

എന്നാൽ മത്സരത്തിൽ 58 റൺസെടുത്ത കേദാർ ജാദവ് മാത്രമാണ് ചെന്നൈ ടീമിൽ നിന്നും  മികച്ച പ്രകടനം കാഴ്ചവെച്ചത്. ഷെയ്ന്‍ വാട്‌സണ്‍ (5), അമ്പാട്ടി റായുഡു (0), സുരേഷ് റെയ്‌ന (16), എം.എസ് ധോണി (12), രവീന്ദ്ര ജഡേജ (1), ഡ്വെയ്ന്‍ ബ്രാവോ (8), ദീപക് ചാഹര്‍ (7), എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ്.  അതേസമയം കളി അവസാനിക്കുമ്പോൾ ഷാര്‍ദുള്‍ ഠാകൂര്‍ (1), മോഹിത് ശര്‍മ (0) എന്നിവര്‍ പുറത്താവാതെ നിന്നു.

Read also: ഫഹദിന്റെ നായികയായി സായി പല്ലവി; ‘അതിരൻ’ ഏപ്രിലിൽ

ഐ പി എൽ പന്ത്രണ്ടാം സീസണിൽ ഇത് ആദ്യമായാണ് ചെന്നൈ തോൽവി ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ മൂന്ന് കളിയിലും ചെന്നൈ വിജയം നേടിയിരുന്നു. അനുഭവ സമ്പത്ത് കൈമുതലായുള്ള ടീമിന് കളിക്കളത്തിൽ ഏറ്റ പ്രഹരം പക്ഷെ അടുത്ത മത്സരത്തിൽ മറികടക്കുമെന്നുള്ള പ്രതീക്ഷയിലാണ് ചെന്നൈ ടീംസ്.

അതേസമയം ഐ പി എൽ ഉദ്‌ഘാടന മത്സരത്തിലെ ടിക്കറ്റ് വിതരണത്തിലൂടെ ലഭിച്ച തുക ചെന്നൈ സൂപ്പർ കിങ്‌സ് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് നൽകി. ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ  മഹേന്ദ്ര സിങ് ധോണിയാണ് ടിക്കറ്റ് തുക സൈനികരുടെ കുടുംബത്തിന് കൈമാറിയത്. രണ്ട് കോടി രൂപയുടെ ചെക്കാണ് ടീം സൈനികർക്കായി നൽകിയത്.