പുതിയ ലുക്കില്‍ ജയറാം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാള ചലച്ചിത്രലോകത്ത് തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും ശ്രദ്ധേയനായ നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകന്‍. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ജയറാമിന്റെ പുതിയ ലുക്ക്. താടിയില്ലാതെ മീശ മാത്രമായി ഒരല്പം മെലിഞ്ഞ താരത്തിന്റെ പുതിയ ലുക്ക് നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്. ജയറാം തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ തന്റെ പുതിയ ലുക്ക് ആരാധകര്‍ക്കായി പങ്കുവെച്ചതും.

അനശ്വരമായ കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് ജയറാം. ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കേളേജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കേളജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. പത്മരാജന്‍ സംവിധാനം നിര്‍വ്വഹിച്ച അപരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സനിമയിലേക്കുള്ള ജയറാമിന്റെ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ താരം തിളങ്ങി. ജയറാമിന്റെ കഥാപാത്രങ്ങളൊക്കെയും വെള്ളിത്തിരയില്‍ ശ്രദ്ധേയമായിട്ടുണ്ട്.

Read more:പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന വിനോദ് കാംബ്ലിക്ക് സച്ചിന്റെ വക കിടിലന്‍ ട്രോള്‍

മൂന്നാംപക്കം, മഴവില്‍ക്കാവടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട്, മാളൂട്ടി, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മനസിനക്കരെ, മയിലാട്ടം, മധുചന്ദ്രലേഖ, വെറുതെ ഒരു ഭാര്യ, നോവല്‍, സ്വപ്‌ന സഞ്ചാരി, പകര്‍ന്നാട്ടം, സീനിയേഴ്‌സ്, പഞ്ചവര്‍ണ്ണതത്ത തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം ശ്രദ്ധേയനായി. ലോനപ്പന്റെ മാമ്മോദിസയാണ് ജയറാം കേന്ദ്ര കഥാപാത്രമായെത്തിയ അവസാന ചിത്രം. ലിയോ തദ്ദേവൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തില്‍ ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. വാച്ച് കടക്കാരനായ ലോനപ്പന്‍ ആണ് ചിത്രത്തിലെ ജയറാം കഥാപാത്രം.

മലയാളത്തിനു പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. ഗോകുലം, കോലങ്ങള്‍, തെനാലി തുടങ്ങിയവയാണ് ജയറാം അഭിനയിച്ച തമിഴ് ചിത്രങ്ങള്‍ പുതിയ ചിത്രത്തിനുള്ള ഒരുക്കത്തിലാണ് താരമിപ്പോള്‍. പട്ടാഭിരാമനാണ് ജയറാമിന്‍റെ വരാനിരിക്കുന്ന ചിത്രം.