കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് മമ്മൂട്ടി. വൈറലായി മധുരരാജയുടെ ലൊക്കേഷൻ വീഡിയോ

തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം നിർവഹിച്ച മധുരരാജ. ചിത്രത്തിലെ ഒരു ലൊക്കേഷൻ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കുട്ടികൾക്കൊപ്പം മമ്മൂട്ടി ഡാൻസ് ചെയ്യന്ന വീഡിയോയാണ് വൈറലാകുന്നത്.

സംവിധായകൻ വൈശാഖിന്റെ ഫേസ്ബുക്കിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ”മമ്മൂക്ക കുട്ടികളുടെ കൂടെ നൃത്തം ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നാറുണ്ട്  ആരാണ് ഇളയതെന്ന്”  എന്ന അടിക്കുറുപ്പോടെയാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.


പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ.  മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയയും ചിത്രത്തിലെത്തുന്നുണ്ട്. ‘മധുരരാജ’യില്‍ ഒരു മുഴുനീള കഥാപാത്രമായാണ് ജയ് എത്തുന്നത്. എന്നാല്‍ ഇത്തവണ പൃഥ്വിരാജ് ചിത്രത്തിലില്ല. ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ എത്തിയത്.

Read more:  തിരഞ്ഞെടുപ്പിലെ ചില സിനിമാക്കാഴ്ചകൾ..

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാല് നായികമാരും ചിത്രത്തിലെത്തുന്നുണ്ട്. ജഗപതി ബാബു വില്ലനായും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, ആര്‍.കെ സുരേഷ്, വിജയരാഘവന്‍, സലീം കുമാര്‍, മണിക്കുട്ടന്‍, നോബി, ധര്‍മ്മജന്‍, ബിജുകുട്ടന്‍, സിദ്ധിഖ്, സണ്ണി ലിയോൺ തുടങ്ങി നിരവധി താരനിരകള്‍ ‘മധുരരാജ’യില്‍ അണിനിരക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ‘പോക്കിരിരാജ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ‘മധുരരാജ’. നര്‍മ്മവും പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു പോക്കിരിരാജ തീയറ്ററുകളിലെത്തിയത്. മധുരരാജയും ഇത്തരത്തിലൊരു ദൃശ്യവിരുന്നാണ് ആരാധകർക്ക് സമ്മാനിക്കുന്നത്.