‘തള്ളാനൊന്നും ഉദ്ദേശിക്കുന്നില്ല..പടം ഇഷ്ടമായാൽ നിങ്ങൾ തള്ളിക്കോ’; വൈറലായി മമ്മൂട്ടിയുടെ പ്രസംഗം

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മധുരരാജയ്ക്കായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.. ചിത്രം നാളെ തിയേറ്ററുകളിൽ എത്തുമ്പോൾ മധുരരാജയുടെ പ്രീ ലോഞ്ചിങ് ചടങ്ങിൽ കൊച്ചിയിലെ വൻ ജനാവലിയെ സാക്ഷിനിർത്തി മമ്മൂട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്…നാളെ തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തെക്കുറിച്ച് അധികമൊന്നും തള്ളാൻ താൻ ഇല്ലെന്നും അത് ചിത്രം കണ്ടതിന് ശേഷം ഇഷ്ടപെട്ടാൽ നിങ്ങൾ തള്ളിയാൽ മതിയെന്നും പറഞ്ഞ അദ്ദേഹം ചിത്രം കോടി ക്ലബ്ബിൽ കയറാനല്ല ജനഹൃദയങ്ങളിൽ കയറാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ഇതോടെ കൊച്ചിയിലെ സദസ്സിൽ നിറഞ്ഞ കയ്യടി അലയടിച്ചു…

പ്രൗഢ ഗംഭീരമായ സദസ്സിൽ വച്ച് നടത്തിയ ചടങ്ങളിലെ മമ്മൂട്ടിയുടെ ഓരോ വാക്കുകളും  ഹർഷാരവത്തോടെയാണ് കൊച്ചിയിൽ മുഴങ്ങിക്കേട്ടത്. ചിത്രത്തിനായി ഒരുപാട് ആളുകൾ കഷ്ടപെട്ടിട്ടുണ്ടെന്നും, സംവിധായകൻ വൈശാഖ് ഇപ്പോഴും ചിത്രത്തിന്റെ തിരക്കുകളിലാണെന്നും പറഞ്ഞ അദ്ദേഹം മധുരരാജ സ്റ്റൈലിൽ വസ്ത്രം ധരിച്ചെത്തിയ ഫാൻസിനൊപ്പം വേദിയിൽ വച്ച് ചിത്രങ്ങളും എടുത്തു.

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും മമ്മൂട്ടിയുടെ കിടിലന്‍ ഡയലോഗുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് മധുരരാജയുടെ  ടീസറും ട്രെയ്‌ലറുമൊക്കെ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടീസറിനും ട്രെയ്‌ലറിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ‘പോക്കിരിരാജ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ‘മധുരരാജ’. നര്‍മ്മവും പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു പോക്കിരിരാജ തീയറ്ററുകളിലെത്തിയത്. മധുരരാജയും ഇത്തരത്തിലൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Read also: മധുരരാജയ്ക്ക് സംഗീതത്തിൽ പൊതിഞ്ഞൊരു ആശംസയുമായി മഞ്ജരി; വീഡിയോ

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മധുരരാജ’.