ഭയം നിറച്ച്, ഉള്ളുലച്ച് ഹൃദയം തൊട്ട് ‘വൈറസി’ന്റെ ട്രെയ്‌ലര്‍; കാണാതെ പോകരുത്, ഇത് നമുക്കുള്ള ഓര്‍മ്മപ്പെടുത്തലാണ്

ചില ട്രെയ്‌ലറുകള്‍ അങ്ങനാണ്. കാണുമ്പോള്‍ തന്നെ ‘രോമാഞ്ചിഫിക്കേഷന്‍’ എന്ന് അറിയാതെ പ്രേക്ഷകര്‍ പറഞ്ഞുപോകും. ഇപ്പോഴിതാ പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ഒരു തരം വികാര തീവത്രയിലേക്ക് കാഴ്ചക്കാരനെ കൊണ്ടുചെന്നെത്തിക്കുകയാണ് ‘വൈറസ്’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍. വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതം. ഒരു വൈറസ് പോലെ പ്രേക്ഷകന്റെ ഉള്ളിലാകെ പടര്‍ന്നു കയറുന്നുണ്ട് ഈ ട്രെയ്‌ലര്‍. അത്രമേല്‍ തീവ്രമാണ് ആവിഷ്‌കരണം.

ഒരു വിങ്ങലോടെയല്ലാതെ കേരളത്തില്‍ പടര്‍ന്നുകയറിയ നിപ്പ വൈറസിനെ ഓര്‍ക്കാനാകില്ല. വൈറസ് ബാധയില്‍ ജീവന്‍ പൊലിഞ്ഞവരെയും. നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. നിപ്പ കാലത്ത് കേരളം അനുഭവിച്ച മാനസീക സംഘര്‍ഷങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളുമെല്ലാം പച്ച കെടാതെതന്നെ ആവിഷ്‌കരിച്ചിട്ടുണ്ട് ഈ ട്രെയ്‌ലറില്‍. മികച്ച സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിക്കുന്നതും. യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഇതിനോടകം തന്നെ മൂന്നു ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. പ്രേക്ഷക പ്രതീക്ഷ വാനോളം ഉയര്‍ത്തുന്ന തരത്തിലാണ് ട്രെയ്‌ലറിന്റെ അവതരണം.

Read more:കേരളത്തിലും ഭീകരാക്രമണ ഭീഷണി; ട്രെയിനിലായിരിക്കും അക്രമണമെന്നും മുന്നറിയിപ്പ്

രേവതി, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്,  ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ‘എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികളുടെ ഓര്‍മ്മപ്പെടുത്തല്‍ അങ്ങിങ്ങായി പ്രതിഫലിക്കുന്നുണ്ട് ഈ ട്രെയ്ലറില്‍. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ‘വൈറസ്’ എന്നാണ് സൂചന.

ആഷിക് അബു 2009ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക രംഗത്തെത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളിലും ആഷിക് അബു മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.