ഓടുന്ന ട്രെയിനില്‍ ‘പൂമുത്തോളേ…’ എന്ന ഗാനത്തിന് മനോഹരമായൊരു ഫ്ലൂട്ട് സംഗീതം; കൈയടിച്ച് സോഷ്യല്‍മീഡിയ

‘പൂമുത്തോളേ….’എന്നു തുടങ്ങുന്നഗ ഗാനം ഹൃദയത്തിലേറ്റിയവരാണ് മലയാളികളില്‍ അധികവും. ഹാസ്യ നടനായും വില്ലനായും എത്തി മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ജോജു ജോര്‍ജ് നായകനായി എത്തിയ ‘ജോസഫ്’ എന്ന ചിത്രത്തിലെ ഈ ഗാനം അത്രമേല്‍ ജനപ്രിയമാണ്. ദാമ്പത്യസ്‌നേഹത്തിന്റെ ആഴവും പരപ്പുമെല്ലാം ഒളിമങ്ങാതെ തെളിഞ്ഞുനില്‍പ്പുണ്ട് ഗാനത്തില്‍ എന്നതുതന്നെയാണ് ഈ ഗാനത്തെ അത്രമേല്‍ ശ്രദ്ധേയമാക്കിയത്. ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് ഫ്ലൂട്ടില്‍ തീര്‍ത്ത ഒരു സംഗീതം. ഈ കലാകാരന്റെ പ്രകടനത്തിന് സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞുകൈയടിക്കുകയാണ്,

ട്രെയിനില്‍ ഫ്ലൂട്ട് വില്‍ക്കുന്നയാളാണ് ഈ കലാകാരന്‍. അതിമനോഹരമായാണ് ഇയാള്‍ ഫ്ലൂട്ടില്‍ പൂമുത്തോളേ… എന്നു തുടങ്ങുന്ന ഗാനം വായിക്കുന്നത്. ‘ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണു ഈ സുഹൃത്ത് flute വില്‍ക്കാന്‍ തീവണ്ടികള്‍ തോറും കയറിയിറങ്ങുന്നതു. ഞങ്ങള്‍ പ്രോഗ്രാമിന് പോയ വണ്ടിയില്‍ കണ്ടതാണ്. ഞാന്‍ ചോദിച്ചു ഒന്നുടെ വായിച്ചാല്‍ ഒരു വീഡിയോ എടുക്കാമെന്ന്. അപ്പൊ ആ മനുഷ്യന്‍ പറഞ്ഞു. പൂമുത്തോളെ വായിക്കാം ഞാന്‍ പഠിച്ചിട്ടുന്നുമില്ല എന്റെ കയ്യിനു ഒരു flute എങ്കിലും വാങ്ങുമോ എന്ന്….. എല്ലാം കഴിഞ്ഞ് കേട്ടിരുന്ന എല്ലാരും കയ്യടിച്ചു. ബോഗിയില്‍ ഉണ്ടാരുന്ന എല്ലാരും 20 രൂപക്ക് അദ്ദേഹത്തിന്റെ കയ്യില്‍ നിന്നും flute വാങ്ങുകയും ചെയ്തു. പോയപ്പോള്‍ അദ്ദേഹത്തിന്റെ നിറ കണ്ണുകളോടെ ഞങ്ങളോട് പറഞ്ഞു.. എന്റെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത ഒരു ദിവസം സമ്മാനിച്ച നിങ്ങള്‍ക്ക് നന്ദി…………..’ ഒരു ട്രെയിന്‍ യാത്രക്കാരന്‍ പങ്കുവെച്ച ചെറു കുറിപ്പോടെയാണ് ഈ കലാകാരന്റെ മനോഹര സംഗീതം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്നത്.

2018 നവംബറിലാണ് ജോസഫ് എന്ന ചിത്രം തീയറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയും ചിത്രം നേടിയിരുന്നു. സിനിമയില്‍ വിജയ് യോശുദാസ് ആണ് ‘പൂമുത്തോളേ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ആലാപനം. അജീഷ് ദാസന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ജോജു എത്തുന്നത്. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം.

Read more:“ലാല്‍ വിസ്മയത്തിന് സാക്ഷ്യം വഹിച്ചപ്പോള്‍”; മോഹന്‍ലാലിനെക്കുറിച്ചുള്ള ആരാധകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു

‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ് ജോസഫ് എന്ന ചിത്രം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.