മണിക്കൂറിൽ കാണുന്നത് ലക്ഷങ്ങൾ; യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടംനേടി ഇഷ്‌കിലെ പ്രണയഗാനം

മനോഹരമായ പ്രണയഗാനങ്ങളോട് വല്ലാത്തൊരു അടുപ്പമാണ് മലയാളികൾക്ക്. മനസ്സിൽ പ്രണയം കൊണ്ടുനടക്കുന്നവരായതുകൊണ്ടാവാം പ്രണയഗാനങ്ങൾ എപ്പോഴും തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഇഷ്‌ക് എന്ന ചിത്രത്തിലെ പ്രണയഗാനവും ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മണിക്കൂറിൽ ലക്ഷകണക്കിന് ആളുകൾ കണ്ട ഗാനം ഇതിനോടകം യൂട്യൂബ് ട്രെൻഡിങ്ങിലും എത്തിയിരിക്കുകയാണ്. ‘പറയുവാൻ ഇതാദ്യമായ്’  എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.

തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാമാണ് ഈ മനോഹര ഗാനത്തിന്‍റെ ആലാപനം. ജെയ്ക്സ് ബിജോയ്  ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം സിദ് ശ്രീറാം ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഗാനം ആലപിക്കുന്നത്.

Read also: ‘നേരിൽ കണ്ടാൽ കയ്യും കാലും തല്ലിയൊടിക്കും’; ഇൻബോക്സിലെ ഭീഷണി സന്ദേശങ്ങളോട് നന്ദി പറഞ്ഞ് ഷൈൻ ടോം

നവഗാതനായ അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്‌ക്. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്ന കഥാപാത്രയാണ് ഷെയ്ൻ  നിഗം വേഷമിടുന്നത്.

പ്രണയത്തെക്കുറിച്ച് ഇതുവരെ ചര്‍ച്ച ചെയ്യപ്പെടാത്ത കാര്യങ്ങളാണ്ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന സച്ചി എന്ന ചെറുപ്പക്കാരൻ സമൂഹത്തിലെ എല്ലാ കാമുകന്മാരുടെയും പ്രതിരൂപമായി ചിത്രത്തിൽ എത്തുന്നു. ഒപ്പം മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോൽക്കുന്ന സദാചാര ഗുണ്ടയിസം എന്ന മലയാളികളുടെ വികാരത്തെ അതിന്റെ തീവ്രതയിൽ കാണിക്കാൻ ഷൈൻ ടോമിനും സംവിധായകനും സാധിച്ചിട്ടുണ്ട്. പ്രണയത്തിനൊപ്പമുണ്ടാകുന്ന പൊസസീവ്‌നെസ്, ഈഗോ എന്നിവയെകുറിച്ചൊക്കെ ചിത്രത്തിൽ മനോഹരമായി  പ്രതിപാദിക്കുന്നുണ്ട്.

ആരെയും പിടിച്ചിരുത്തുന്ന മനോഹര പ്രണയത്തിന്റെ പശ്ചാത്തലത്തിലൂടെ പറഞ്ഞുതുടങ്ങിയ ഇഷ്‌ക് എന്ന ചിത്രം പറഞ്ഞവസാനിപ്പിക്കുന്നത് സമൂഹത്തിൽ ചർച്ചചെയ്യപ്പെടേണ്ട സാമൂഹ്യവിഷയങ്ങൾ തന്നെയാണ്.