ജഗതി ശ്രീകുമാര്‍ പ്രധാന കഥാപാത്രമായി പുതിയൊരു ചിത്രംകൂടി

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയാണ് ജഗതി ശ്രീകുമാര്‍. നര്‍മ്മവും സങ്കടവുമെല്ലാം നന്നായി വഴങ്ങും അദ്ദേഹത്തിന്. അത്രമേല്‍ തീവ്രമാണ് ജഗതീ ശ്രീകുമാറിന്റെ അഭിനയമൊക്കെയും. എന്നാല്‍ ഒരു അപകടം കവര്‍ന്നെടുത്ത അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിന് ഇത് ഉയര്‍ത്തെഴുന്നേല്‍പിന്റെ നാളുകളാണ്. ഹാസ്യസാമ്രാട്ട് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു എന്ന വാര്‍ത്ത ചലച്ചിത്ര ലോകവും ആരാധകരും ഇരുകൈയും നീട്ടി സ്വീകരിച്ചു. വെള്ളിത്തിരയില്‍ അദ്ദേഹത്തെ വീണ്ടും വീണ്ടും കാണാന്‍ അത്രയധികം ആഗ്രഹിക്കുന്നുണ്ട് ഓരോ പ്രേക്ഷകനും.

പുതിയ ഒരു സിനിമയുടെ കൂടെ ഭാഗമാവുകയാണ് ജഗതി ശ്രീകുമാര്‍. ‘ബി നിലവറയും ഷാര്‍ജ പള്ളിയും’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതനായ സൂരജ് സുകുമാര്‍ നായരുടെ ആദ്യ സംവിധാന സംരംഭമാണ് ഈ ചിത്രം. സംവിധായകന്‍ തന്നെയാണ് ജഗതി ശ്രീകുമാര്‍ ചിത്രത്തിലുണ്ടെന്ന് ആരാധകരോട് വ്യക്തമാക്കിയത്. അതേസമയം ‘കബീറിന്റെ ദിവസങ്ങള്‍’ എന്ന ചിത്രത്തിലും ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ചില സ്വപ്‌നങ്ങൾ സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാൻ കുറച്ച് സമയമെടുക്കും.

ജീവിതം തന്നെ ശ്രീപദ്മനാഭന് സമർപ്പിച്ച് കഴിയുന്ന ഒരു തിരുവനന്തപുരംകാരനാണ് ഞാൻ.വിശ്വാസമെന്ന് വിശ്വാസികൾക്കും അന്ധവിശ്വാസമെന്ന് യുക്തിവാദികൾക്കും തോന്നാമെങ്കിലും ജീവിതത്തിൽ നടക്കുന്ന ഓരോ നല്ല കാര്യവും ശ്രീപദ്മനാഭന്റെ അറിവോടെയാണെന്ന് കരുത്താനാണ് എനിക്കിഷ്ട്ടം.അതുകൊണ്ട് തന്നെയാണ് സന്തോഷം വന്നാലും ദുഃഖം വന്നാലും ആ നടയിലേയ്ക്ക് ഓടിപോകുന്നത്.

മ്യൂസിക്ക് വീഡിയോകളും .ഷോർട്ട് ഫിലിമുകളും മാത്രം ചെയ്ത് മുന്നോട്ട് പോകുമ്പോളും സിനിമയെന്ന സ്വപ്നം ശ്രമിച്ചാൽ എത്തിപിടിക്കാമെന്ന ദൂരത്തിലാണെന്ന അറിവുണ്ടായിരുന്നിട്ടും ഒരിക്കലും ഞാനതിന് ശ്രമിച്ചിരുന്നില്ല.അതിന് കൂടെയുള്ളവർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പറയുന്ന ചീത്തകൾ ഒരു മടിയുമില്ലാതെ കേൾക്കുന്നുമുണ്ട്.

ഒടുവിൽ സിനിമയെ ഞാൻ തേടിപ്പോകാതെ സിനിമ എന്നെ തേടിവരുകയായിരുന്നു.ഇതായിരിക്കാം അതിനുള്ള സമയം.പക്ഷേ മുൻപൊക്കെ എന്നെങ്കിലും സിനിമ ചെയ്യാൻ അവസരം ലഭിച്ചാൽ ഭാഗമാക്കണം എന്ന് കരുതിയിരുന്ന ഒരുപാട് അതുല്യ പ്രതിഭകൾ ഇന്ന് നമ്മളോടൊപ്പം ഇല്ല.ഓർമ്മകൾ അവശേഷിപ്പിച്ച് അവർ നമ്മളെ വിട്ട് പോയി.പക്ഷേ ഭൂമിയിൽ നമ്മളോടൊപ്പം ഉണ്ടെങ്കിലും ജഗതി ചേട്ടനെ പോലൊരു മലയാളം കണ്ട ഏറ്റവും മികച്ച പെർഫോമറിനെ നമ്മുടെ കൂടെ നിർത്താൻ പറ്റുന്നില്ലല്ലോ എന്നൊരു വല്ലാത്ത വിഷമം ഉണ്ടായിരുന്നു.

നേരത്തെ പറഞ്ഞ പോലെ ശ്രീപദ്മനാഭന്റെ കൃപ കൊണ്ടാകാം.ജഗതി ചേട്ടൻ അഭിനയ രംഗത്തേയ്ക്ക് തിരിച്ച് വരുന്നെന്ന വാർത്തകൾ നൽകിയ ഊർജം പഴയ സ്വപ്നത്തിലേക്ക് കൂട്ടികൊണ്ട് പോയി.ഒടുവിൽ ഇന്ന് അത് സംഭവിച്ചിരിക്കുന്നു.ഞാൻ ആദ്യമായി സംവിധാനം ചെയുന്ന ‘ബി നിലവറയും ഷാർജാ പള്ളിയും ‘ എന്ന ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ,നിങ്ങൾ പ്രതീക്ഷിക്കാത്ത ഒരു രൂപത്തിൽ ജഗതി ചേട്ടൻ വരുന്നു. ഈ സംഭവത്തിന്റെ മുഴുവനും ക്രെഡിറ്റും ഈശ്വരനൊപ്പം നമ്മുടെ പടത്തിന്റെ നിർമ്മാതാവ്‌ ഷിജു ചേച്ചിയ്ക്കുമാണ് . കാരണം കബീറിന്റെ ദിവസങ്ങൾക്കു ശെഷം വരെ ഒരു സിനിമക്കും ഡേറ്റ് കൊടുക്കാത്ത അമ്പിളിച്ചേട്ടനെക്കൊണ്ട് ഇതിനു സമ്മതിപ്പിച്ചത് ഷിജു ചേച്ചിയാണ് . അതിനു ഒരായിരം നന്ദി

അദ്ദേഹത്തിന്റെ ഒഴിഞ്ഞ് കിടക്കുന്ന സിംഹാസനം തുടച്ച് വൃത്തിയാക്കി അദ്ദേഹത്തിന്റെ ‘പട്ടാഭിഷേകം’ ഒരിക്കൽ കൂടി നടത്താനുള്ള ഭാഗ്യം എനിക്കും കൂടി ലഭിച്ചതിൽ എറെ അഭിമാനം.സന്തോഷം. കൂടുതൽ പറഞ്ഞ് നീട്ടുന്നില്ല.ശേഷം കാഴ്ച സ്‌ക്രീനിൽ.

2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.മികച്ച കഥാപാത്രങ്ങളിലൂടെ കാണികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്ത താരമാണ് ജഗതി ശ്രീകുമാര്‍. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരുന്ന ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട് പുതിയ വാര്‍ത്ത.