മോദിയെ പിന്നിലാക്കി സോഷ്യല്‍മീഡിയയില്‍ വൈറലായ നേസമണിയും പിന്നെ നമ്മുടെ ലാസര്‍ എളേപ്പനും

രാജ്യമൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞചടങ്ങിലേക്ക് ഉറ്റുനോക്കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മോദിയെക്കേള്‍ താരമായത് നേസമണിയാണ്. നേസാമണിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഹാഷ്ടാഗ് സാമൂഹ്യ മാധ്യമങ്ങളില്‍ ആകെ നിറഞ്ഞു. നേസമണി ആരാണെന്നും സംഭവം എന്താണെന്നുമല്ലേ….

പാകിസ്താനിലെ ഒരു ട്രോള്‍ പേജിലാണ് സംഭവങ്ങളുടെയെല്ലാം തുടക്കം. ചുറ്റികയുടെ ഒരു ചിത്രം ആണ് ഈ പേജില്‍ പങ്കുവെയ്ക്കപ്പെട്ടത്. ഒപ്പം ഒരു ചോദ്യംകൂടി. ‘ഈ വസ്തുവിന് നിങ്ങളുടെ നാട്ടില്‍ എന്ത് പേര് പറയും’ എന്ന്. ഈ ചോദ്യത്തിന് രസകരമായ ഒരു മറുപടിയുമായി ഒരു തമിഴ്‌നാട്ടുകാരന്‍ പ്രത്യക്ഷപ്പെട്ടു. ‘ഈ ഉപകരണം തലയില്‍ വീണാണ് ഞങ്ങളുടെ പ്രിയപ്പെട്ട കോണ്‍ട്രാക്ടര്‍ നേസമണി ചിറ്റപ്പന്‍ ഗുരുതരാവസ്ഥയിലായത്. അയാളുടെ സഹായിയുടെ കൈയില്‍ നിന്ന് ചുറ്റിക തെന്നിവീണ് അപകടം സംഭവിക്കുകയായിരുന്നു..’തൊട്ടുപിന്നാലെ പാകിസാതാന്‍കാരുടെ അടുത്ത ചോദ്യം ‘ഇപ്പോള്‍ അയാള്‍ക്ക് എങ്ങനെയുണ്ട്’ തമിഴ്‌നാട്ടുകാരന്‍ പറഞ്ഞത് സിനിമയിലെ രംഗമാണെന്ന് തിരിച്ചറിയാത്ത പാകിസ്താന്‍കാര്‍ ഈ ചോദ്യം ചോദിച്ചതില്‍ ആര്‍ക്കും തെറ്റു പറയാനാകില്ല. പാകിസ്താന്‍കാരുടെ ഈ ചോദ്യത്തിനു പിന്നാലെ നേസമണിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഹാഷ്ടാഗുകള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഒന്നാകെ നിറഞ്ഞു.

Read more:വീണ്ടും ആവേശംപകര്‍ന്ന് ഈ ക്രിക്കറ്റ് ത്രയം; മനോഹരചിത്രം പങ്കുവെച്ച് സേവാഗ്

ട്വിറ്ററില്‍ നരേന്ദ്രമോദിയെ വരെ പിന്തള്ളി നേസമണി ട്രന്‍ഡിങിലെത്തി. സംഭവം വൈറലായതോടെ ആളുകള്‍ നേസമണിയെ തിരയാനും തുടങ്ങി. 2001 ല്‍ പുറത്തിറങ്ങിയ ഫ്രണ്ട്‌സ് എന്ന തമിഴ് സിനിമയില്‍ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് നേസമണി.ഫ്രണ്ട്‌സ് എന്ന സിനിമയില്‍ ജഗതി അവതരിപ്പിച്ച നമ്മുടെ ലാസര്‍ എളേപ്പനെ ഓര്‍മ്മയില്ലേ. ലാസര്‍ എളേപ്പന്റെ തമിഴ് പതിപ്പാണ് ഈ നേസമണി. എന്തായാലും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും താരമായിരിക്കുകയാണ് നേസമണിയും ലാസര്‍ എളേപ്പനും എല്ലാം.