ആക്ഷനും ആകാംഷയും ഒളിപ്പിച്ച് ‘സെവൻ’; കിടിലൻ ലുക്കിൽ റഹ്മാൻ, ട്രെയ്‌ലർ കാണാം..

റിലീസിനൊരുങ്ങി റഹ്മാൻ ചിത്രം (7 ) സെവൻ. തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള റഹ്മാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സെവൻ. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ചിത്രത്തിൽ പോലീസ് കമ്മീഷ്ണറായാണ് റഹ്മാൻ എത്തുന്നത്. വിജയ് പ്രകാശ് എന്നാണ് ചിത്രത്തിൽ റഹ്മാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ചിത്രം തെലുങ്കിലും, തമിഴിലിലും റിലീസിനെത്തും. നിസ്സാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭമാണ് സെവൻ. ചിത്രത്തിന്റെ രചയിതാവും നിസ്സാർ ഷാഫി തന്നെയാണ്.  കിരൺ  സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് നായകൻ ഹവിഷ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്., റെജീന കസാണ്ടറെ, നന്ദിത ശ്വേതാ, അദിതി ആര്യ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണ് ചിത്രത്തിൽ വേഷമിടുന്നത്.

Read also: കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും; ആദ്യ ചിത്രമായി ‘ഉയരെ’

നഗരത്തിലെ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്കെതിരെ അന്വേഷിക്കാൻ എത്തുന്ന പോലീസുകാരനാണ് റഹ്മാൻ. വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളിലുള്ള ആറു പെൺകുട്ടികൾ പരാതിയുമായി ഒരു പോലീസ് സ്റ്റേഷനിൽ എത്തുന്നതും അവരുടെ പരാതികൾ അന്വേഷിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. എന്നാൽ എല്ലാ പെൺകുട്ടികളും പരാതി നൽകുന്നത് ഒരേ വ്യക്തിക്കെതിരെയാണ്. അയാൾ തന്നെയാണോ യഥാർത്ഥ കുറ്റവാളി?. എന്തിനു വേണ്ടി ഈ കുറ്റകൃത്യങ്ങൾ അയാൾ നടത്തി ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമായാണ് ചിത്രം എത്തുന്നത്.

ആക്ഷനും സസ്‍പെൻസും നിറഞ്ഞ ട്രെയ്‌ലർ ഇതിനോടകം തന്നെ ആരാധകർ സ്വീകരിച്ചുകഴിഞ്ഞു.